Asianet News MalayalamAsianet News Malayalam

ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടങ്ങി; ഡിഎൻഎ പരിശോധനയെ എതിർത്ത് പ്രതിഭാഗം

കുട്ടി ജനിച്ചുവെന്ന് പറയുന്ന തീയതിക്ക് ശേഷമുള്ള തീയതിയിലാണ് വിവാഹം നടന്നുവെന്ന് കാണിക്കുന്ന നോട്ടറി രേഖ വ്യാജമായി തയ്യാറാക്കിയിരിക്കുന്നതെന്ന് ബിനോയിയുടെ അഭിഭാഷകൻ

Binoy's anticipatory bail hearing begins; Defendant opposes DNA testing
Author
Delhi, First Published Jul 2, 2019, 4:13 PM IST

മുംബൈ: പീഡനക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ മുംബൈ ഡിൻഡോഷി സെഷൻസ് കോടതി നടപടി ആരംഭിച്ചു. ബിനോയിയുടെ അഭിഭാഷകൻ വാദം തുടങ്ങി. കേസുമായി കോടിയേരി ബാലകൃഷ്ണന് ബന്ധമില്ലാത്തതിനാലാണ് തന്‍റെ അച്ഛൻ മുൻ ആഭ്യന്തര മന്ത്രിയാണെന്ന് ബിനോയ് കോടതിയെ അറിയിക്കാതിരുന്നതെന്ന് ബിനോയിയുടെ അഭിഭാഷകൻ പറഞ്ഞു. 

യുവതിയുമായി വിവാഹം നടന്നുവെന്നതിന് പ്രോസിക്യൂഷൻ ഹാജരാക്കിയ മുംബൈയിലെ നോട്ടറി അഭിഭാഷകൻ സാക്ഷ്യപ്പെടുത്തിയ രേഖ വ്യാജമാണെന്നും യുവതിയുടെ അഭിഭാഷകൻ  നൽകിയ രേഖകളിലുള്ള ഒപ്പ് ബിനോയിയുടേതല്ലെന്നും  ബിനോയിയുടെ അഭിഭാഷകൻ വാദിച്ചു. അറസ്റ്റിന് മുൻപ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ  ഡിഎൻഎ പരിശോധനയെന്ന ആവശ്യത്തിലേക്ക് കോടതി കടക്കേണ്ടതില്ലെന്നറിയിച്ച പ്രതിഭാഗം ഡിഎൻഎ പരിശോധനയെ എതിർത്തു.

യുവതിക്ക് വിവാഹം നടന്നുവെന്ന് പറയുന്ന തീയതിയെപ്പറ്റി സംശയമുണ്ടെന്ന് രേഖകളിലുള്ള വൈരുധ്യം ചൂണ്ടിക്കാട്ടി പ്രതിഭാഗം കോടതിയിൽ വാദിച്ചു. എഫ്ഐആറിൽ പറയുന്ന ആരോപണങ്ങളും യുവതി നൽകിയ തെളിവുകളും പൊരുത്തപ്പെടുന്നില്ല. കെട്ടിച്ചമച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെടുമോയെന്ന ഭയമുള്ളതിനാലാണ് ബിനോയ്‌ കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമം അനുസരിച്ച് ഒരു വട്ടം വിവാഹിതനായ ബിനോയ്‌ ആ ബന്ധം നില നിൽക്കെ പരാതിക്കാരിയായ യുവതിയെ വിവാഹം കഴിച്ചെങ്കിൽ ആ വിവാഹം പ്രഥമ ദൃഷ്ട്യാ നില നിൽക്കില്ലെന്നും ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. 

"കുട്ടി ജനിച്ചുവെന്ന് പറയുന്ന തീയതിക്ക് ശേഷമുള്ള തിയതിയിലാണ് വിവാഹം നടന്നുവെന്ന് കാണിക്കുന്ന നോട്ടറി രേഖ വ്യാജമായി തയ്യാറാക്കിയിരിക്കുന്നത്. വിവാഹിതനായ ബിനോയ്‌  പരാതിക്കാരിയായ യുവതിയെ ചടങ്ങുകളൊന്നുമില്ലാതെ വിവാഹം കഴിച്ചുവെന്ന ആരോപണം കോടതി  മുഖവിലയ്ക്ക് എടുക്കരുത്" ബിനോയിയുടെ അഭിഭാഷകൻ വാദിച്ചു. 

യുവതിക്കും കുഞ്ഞിനും ദുബായ് സന്ദർശിക്കാൻ ബിനോയ് സ്വന്തം ഇമെയിലിൽ നിന്ന് അയച്ച വിസയും വിമാനടിക്കറ്റും യുവതിയുടെ അഭിഭാഷകൻ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് പുറമെ കോടതി അനുവദിച്ച പ്രത്യേക അഭിഭാഷകനും യുവതിക്ക് നിയമസഹായം നൽകാൻ ഒപ്പമുണ്ടായിരുന്നു. വാദങ്ങൾ കോടതിക്ക് യുവതിയുടെ അഭിഭാഷകൻ എഴുതി നൽകി.

ബിനോയിക്കെതിരെ ദുബായിയിൽ ക്രിമിനൽ കേസുള്ളത് മുൻകൂർ ജാമ്യഹർജിയിൽ മറച്ചുവച്ചു, കേരളത്തിലെ മുൻ ആഭ്യന്തരമന്ത്രിയാണ് ബിനോയിയുടെ അച്ഛൻ കോടിയേരി ബാലകൃഷ്ണനെന്നത് സൂചിപ്പിച്ചില്ലെന്ന് തുടങ്ങി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകും എന്ന് ബിനോയ് ഭീഷണിപ്പെടുത്തിയതടക്കം അഭിഭാഷകൻ നേരത്തെ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുവിഭാഗത്തിന്‍റെയും വാദവും സമർപ്പിക്കപ്പെട്ട തെളിവുകളും പരിശോധിച്ച ശേഷമാകും അഡീഷണൽ സെഷൻസ് ജഡ്ജ് എം എച്ച് ഷെയ്ക്ക് മുൻകൂർ ജാമ്യഹർജിയിൽ വിധി പറയുക.

Follow Us:
Download App:
  • android
  • ios