Asianet News MalayalamAsianet News Malayalam

ആറുമാസം മുന്‍പുവരെ ജോലി അന്വേഷിച്ച് നടന്ന ബിടെക്കുകാരി; ഇന്ന് എംപി

സ്ഥാനാർഥി നിർണയത്തിൽ 33 ശതമാനം വനിത സംവരണം നടപ്പിലാക്കാന്‍ ബിജെഡി തീരുമാനിച്ചതോടെയാണ് ചന്ദ്രാണി സ്ഥാനാര്‍ത്ഥിയാകുന്നത്.

BJD Chandrani Murmu to be youngest ever Lok Sabha MP
Author
India, First Published May 26, 2019, 12:19 PM IST

കിയോഞ്ചര്‍: ഒഡീഷയില്‍ നിന്നുള്ള ചന്ദ്രാണി മുര്‍മു ആണ് ഇത്തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗം. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ചന്ദ്രാണിയുടെ പ്രായം 25 വയസും 11 മാസവും ഒമ്പതു ദിവസവുമായിരുന്നു. ആറ് മാസം മുന്‍പ് വരെ ജോലി അന്വേഷിച്ച് നടന്ന ബി-ടെക് കാരിയായിരുന്നു ചന്ദ്രാണി.  ഇന്ന് ചന്ദ്രാണി ഒഡിഷയിലെ കിയോഞ്ചറില്‍ നിന്നുള്ള ബിജെഡി എംപിയാണ്. 

സ്ഥാനാർഥി നിർണയത്തിൽ 33 ശതമാനം വനിത സംവരണം നടപ്പിലാക്കാന്‍ ബിജെഡി തീരുമാനിച്ചതോടെയാണ് ചന്ദ്രാണി സ്ഥാനാര്‍ത്ഥിയാകുന്നത്. സ്ഥാനാര്‍ഥികളാകാന്‍ ബിജെ.ഡി ഉന്നതവിദ്യഭ്യാസവും രാഷ്ട്രീയ വീക്ഷണവും ഉള്ള യുവതികളെ അന്വേഷിച്ചു. ആ തിരച്ചില്‍ ചന്ദ്രാണിയെന്ന ആദിവാസി യുവതിയില്‍ ചെന്നെത്തുകയായിരുന്നു. പട്ടികവര്‍ഗ സംവരണ മണ്ഡലമായ കിയോഞ്ചറില്‍ ബി.ജെ.പിയുടെ സിറ്റിങ് എംപി അനന്തനായകനെ 66,203 വോട്ടുകള്‍ക്ക് അട്ടിമറിച്ചാണ് ചന്ദ്രാണി ലോക്‌സഭയില്‍ എത്തുന്നത്. 

2017 ലായിരുന്നു ഇവര്‍ ബി.ടെക്ക് പഠനം പൂര്‍ത്തിയാക്കിയത്. അതിനു ശേഷം ഇവര്‍ ബാങ്ക് ജോലിക്കായുള്ള അന്വേഷണത്തിലായിരുന്നു. ചന്ദ്രാണിയുടെ അമ്മയുടെ അച്ഛന്‍ മുമ്പ് എംപിയായിരുന്നു. എന്നാല്‍ മറ്റു ബന്ധുക്കള്‍ക്കാര്‍ക്കും രാഷ്ട്രീയവുമായി ബന്ധമില്ല. ഇപ്പോള്‍ രാഷ്ട്രീയം തന്‍റെ വഴിയായി തിരഞ്ഞെടുത്തു എന്ന് ചന്ദ്രാണി പറയുന്നു.

Follow Us:
Download App:
  • android
  • ios