കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സിദ്ദു സഞ്ചരിക്കുമ്പോള്‍ മാനസയില്‍ വെച്ച് അഞ്ജാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
അമൃത്സര്‍: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ (Sidhu Moose Wala) വെടിവെച്ച് കൊന്ന സംഭവത്തിൽ വിമര്‍ശനവുമായി ബിജെപി. ലോകത്ത് ആരും സുരക്ഷ പിൻവലിച്ചവരുടെ ലിസ്റ്റ് പുറത്തു വിടാറില്ലെന്നും സിദ്ദു മൂസൈവാലയുടെ കാര്യത്തിൽ കൊലപാതകം ക്ഷണിച്ചു വരുത്തുകയായിരുന്നുവെന്നും ബിജെപി ദേശീയ അധ്യക്ഷ സമ്പിത് പാത്ര കുറ്റപ്പെടുത്തി.
കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സിദ്ദു സഞ്ചരിക്കുമ്പോള്‍ മാനസയില്‍ വെച്ച് അഞ്ജാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 30 റൗണ്ടാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ആക്രമണത്തിൽ സിദ്ദുവിൻ്റെ സുഹൃത്തുക്കള്‍ക്കും പരിക്കേറ്റു. മൂസേവാലയ്ക്കുള്ള സുരക്ഷ ആപ് സര്‍ക്കാര്‍ ഇന്നലെ പിന്‍വലിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സിദ്ദു മൂസേവാല. സിദ്ദു മൂസേവാലയുടെ മരണത്തില്‍ എഎപി സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ബിജെപി നടത്തി . ഇതാണോ എഎപി വാഗ്ദാനം നൽകിയ പഞ്ചാബെന്നാണ് ബിജെപിയുടെ ചോദ്യം. പഞ്ചാബിൽ ക്രമസമാധാനം തകർന്നെന്ന് മുൻമുഖ്യമന്ത്രിയായ ക്യാപ്റ്റൻ അമരീന്ദര്‍ സിംഗ് പറഞ്ഞു.
നേരത്തെ 184 മുൻ മന്ത്രിമാരുടെയും എംഎൽഎമാരുടെയും സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു. ഒരു മാസം മുമ്പ് 122 മുൻ മന്ത്രിമാരുടെയും എംഎൽഎമാരുടെയും സുരക്ഷ പിൻവലിച്ചിരുന്നു. മുൻ മന്ത്രിമാരായ മൻപ്രീത് സിംഗ് ബാദൽ, രാജ് കുമാർ വെർക്ക, ഭരത് ഭൂഷൺ ആഷു, മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ കുടുംബം എന്നിവരും സുരക്ഷ നഷ്ടപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെയും ഭഗവന്ത് മന്നിന്റെയും നികൃഷ്ട രാഷ്ട്രീയത്തിന്റെ ഫലമാണ് മൂസ്വാലയുടെ മരണമെന്ന് ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു. സുരക്ഷാ നഷ്‌ടപ്പെട്ട വിഐപികളുടെ പേരുവിവരങ്ങൾ ചോർത്തുന്നത് അവര്‍ക്ക് ഭീഷണിയാവുമെന്ന് താൻ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് എൻഡിടിവിയോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
