വോട്ട് കൊള്ള ആരോപിക്കുന്ന കോൺഗ്രസാണ് യഥാർത്ഥ വോട്ട് മോഷ്ടാക്കളെന്ന് ബിജെപി. ഒരു കാർഡ് റദ്ദാക്കാൻ 2016ൽ അപേക്ഷ നല്കിയതാണെന്ന് പവൻ ഖേര
ദില്ലി: കോൺഗ്രസ് വക്താവ് പവൻ ഖേരയ്ക്ക് രണ്ട് വോട്ടർ ഐഡി കാർഡുണ്ടെന്ന ആരോപണവുമായി ബിജെപി. ദില്ലി, ജംഗ്പുര എന്നീ മണ്ഡലങ്ങളിൽ പവൻ ഖേരയ്ക്ക് വോട്ടുണ്ടെന്നതിന്‍റെ തെളിവുകൾ ബിജെപി നേതാവ് അമിത് മാളവ്യ എക്സിൽ പുറത്തുവിട്ടു. രണ്ട് തിരിച്ചറിയൽ കാഡുകളുടെയും വിശദാംശം ആണ് ബിജെപി പുറത്തു വിട്ടത്. വോട്ട് കൊള്ള ആരോപിക്കുന്ന കോൺഗ്രസാണ് യഥാർത്ഥ വോട്ട് മോഷ്ടാക്കളെന്ന് ബിജെപി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം അന്വേഷിക്കണമെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു. തനിക്ക് രണ്ട് തിരിച്ചറിയൽ കാർഡുണ്ടെങ്കിൽ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനായിരിക്കുമെന്ന് പവൻ ഖേര പ്രതികരിച്ചു. ഒരു കാർഡ് റദ്ദാക്കാൻ 2016ൽ അപേക്ഷ നല്കിയതാണെന്നും പവൻ ഖേര അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനത്തെ കുറിച്ച് ഈ ചോദ്യമാണ് കോണ്‍ഗ്രസ് ഉയർത്തുന്നതെന്ന് പവൻ ഖേര പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കൈവശം ഉള്ളതുപോലെ തന്നെ ഈ പട്ടിക ബിജെപി നേതാക്കളുടെ കൈവശവും ഉണ്ട്. ഈ പട്ടിക വേണമെന്നാണ് കോൺഗ്രസ് നിരന്തരം ആവശ്യപ്പെടുന്നത്. പക്ഷേ ഒരിക്കലും നൽകുന്നില്ല. ന്യൂഡൽഹി മണ്ഡലത്തിൽ തന്‍റെ പേരിൽ വോട്ട് ചെയ്തത് ആരാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പറയണം. സിസിടിവി ദൃശ്യങ്ങൾ വേണമെന്നും പവൻ ഖേര ആവശ്യപ്പെട്ടു.
വോട്ട് കൊള്ളയിൽ ഉടൻ ഹൈഡ്രജൻ ബോംബ് പൊട്ടുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞതിന് പിന്നാലെയാണ് പവൻ ഖേരയ്ക്കെതിരായ വെളിപ്പെടുത്തൽ. വോട്ട് അധികാർ യാത്രയുടെ സമാപനത്തിലാണ് വലിയ വാർത്ത വരാനുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്. 15 ദിവസം കൊണ്ട് 100ലധികം മണ്ഡലങ്ങളിലൂടെ 1300 കിമീ പിന്നിട്ടാണ് യാത്ര പറ്റ്നയിലെത്തിയത്. ഇന്ത്യ സഖ്യത്തിലെ പാർട്ടികളുടെ നേതാക്കൾ എല്ലാം രാഹുലിനൊപ്പം യാത്രയുടെ ഭാഗമായി.
