ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ഇത്തവണ പതിവ് ആഘോഷങ്ങളില്ലാതെയാണ് മോദിയുടെ പിറന്നാൾ. 2014ന് ശേഷമുള്ള എല്ലാ പിറന്നാൾ ദിനത്തിലും നരേന്ദ്ര മോദി അമ്മ ഹീരാബെന്‍ മോദിയെ സന്ദർശിച്ചിരുന്നു. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ അതും പ്രധാനമന്ത്രി ഒഴിവാക്കി.

അതേസമയം, മോദിയുടെ പിറന്നാള്‍ ദിനം ആഘോഷിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. നാല് ദിവസം നീളുന്ന സേവനവാര പരിപാടികൾക്കാണ് ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനിടയിൽ ഒരു ക്വിസ് മത്സരവും  ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. 'നമോയെ അറിയുക' എന്നാണ് ഈ മത്സരത്തിന് പേര് നൽകിയിരിക്കുന്നത്. 

ഇന്ന് മുതലാണ് ക്വിസ് മത്സരം ആരംഭിക്കുന്നത്. പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും കുറിച്ചുള്ള ചോദ്യങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ വിജയിക്കുന്ന മത്സരാർത്ഥികൾക്ക് പ്രധാനമന്ത്രി ഒപ്പിട്ട പുസ്കങ്ങളാകും ലഭിക്കുക.

നമോ (http://nm4.in/dnldapp) ആപ്പിലൂടെയാണ് മത്സരം നടക്കുന്നത്. ഈ ആപ്പിലൂടെ വീഡിയോ ആയിട്ടോ സന്ദേശമായിട്ടോ പ്രധാനമന്ത്രിക്ക് ആശംസകളും നന്ദിയും അറിയിക്കാമെന്നും ബിജെപി പറയുന്നു. നമോ ആപ്ലിക്കേഷൻ ഉപയോക്താക്കൾക്ക് ആദ്യമായി 360 ഡിഗ്രി വെർച്വൽ എക്സിബിഷനിലൂടെ പ്രധാനമന്ത്രിയുടെ ജീവിതം ആസ്വദിക്കാനാകുമെന്നും റിപ്പോർട്ടുകളുണ്ട്.

സെപ്റ്റംബര്‍ 20വരെ നീളുന്ന 'സേവനവാര' പരിപാടികൾ ഉണ്ടാകുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വച്ഛ്ഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള പരിപാടികളാണ് ബിജെപി രാജ്യത്താകമാനം നടത്തുന്നത്. കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും പരിപാടിയെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു.