Asianet News MalayalamAsianet News Malayalam

ശോഭാ സുരേന്ദ്രന്റെ എതിർപ്പ്; പുറത്തു കാണുന്നത്ര പ്രശ്നം പാർട്ടിക്കുള്ളിൽ ഇല്ലെന്ന് എ പി അബ്ദുള്ളക്കുട്ടി

ഇതു സംബന്ധിച്ച് പാർട്ടിയ്ക്കുള്ളിൽ പുറത്തു കാണുന്ന അത്ര വലിയ പ്രശ്നമില്ല. ശോഭാ സുരേന്ദ്രന്റെ പരാതി സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് കത്തൊന്നും കിട്ടിയില്ല. ഊഹാപോഹങ്ങൾക്ക് പരസ്യ മറുപടിയില്ല. 

bjp ap abdullakkutty reaction to sobha surendran comment
Author
Cochin, First Published Nov 1, 2020, 12:46 PM IST

കൊച്ചി: ശോഭാ സുരേന്ദ്രൻ വിഷയത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. എന്തെങ്കിലും  പരാതി ഉണ്ടെങ്കിൽ പാർട്ടി കേന്ദ്ര സംസ്ഥാന നേതൃത്വം ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പ്രതികരണമില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഇതു സംബന്ധിച്ച് പാർട്ടിയ്ക്കുള്ളിൽ പുറത്തു കാണുന്ന അത്ര വലിയ പ്രശ്നമില്ല. ശോഭാ സുരേന്ദ്രന്റെ പരാതി സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് കത്തൊന്നും കിട്ടിയില്ല. ഊഹാപോഹങ്ങൾക്ക് പരസ്യ മറുപടിയില്ല. അത് പാർട്ടി രീതിയല്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

കുറച്ചു ദിവസം മുമ്പാണ് പാർട്ടി പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി ശോഭാ സുരേന്ദ്രൻ രം​ഗത്തെത്തിയത്. ബിജെപിയുടെ പുനഃസംഘടനയിൽ അതൃപ്തിയുണ്ട്. വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ല.  കാര്യങ്ങൾ ഒളിച്ചുവെക്കാൻ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു. പുനഃസംഘടനയിൽ അര്‍ഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്ന പരാതി ഉണ്ടെന്ന വാര്‍ത്തകൾക്കിടെയാണ് അത് സ്ഥിരീകരിച്ച് ശോഭാ സുരേന്ദ്രൻ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. 

ദേശീയതലത്തിൽ പ്രവർത്തിക്കവേയാണ് സംഘടനാ തിരഞ്ഞെടുപ്പിലൂടെ തന്‍റെ അനുവാദമില്ലാതെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയത്. ഇക്കാര്യത്തിൽ കേന്ദ്ര നേതാക്കളെ പരാതി അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി കീഴ് വഴക്കങ്ങൾ ലംഘിച്ചാണ് പുനഃസംഘടന നടന്നത്. അതൃപ്തി ഉണ്ട് അത് മറച്ചുവക്കാനില്ല. പൊതു പ്രവര്‍ത്തനം തുടരുമെന്നും ശോഭാ സുരേന്ദ്രൻ വിശദീകരിച്ചു. 

കുമ്മനം, ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കളെ തഴഞ്ഞ് എപി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡണ്ടാക്കിയതിൽ ഗ്രൂപ്പിന് അതീതമായി ബിജെപിക്ക് അകത്ത് വലിയ അതൃപ്തിയാണ് നിലവിലുള്ളത്. പുനഃസംഘടന തീരുമാനത്തിൽ പ്രതിഷേധിച്ച് ശോഭാ സുരേന്ദ്രൻ പാര്‍ട്ടി പരിപാടികളിൽ നിന്ന് പോലും വിട്ട് നിൽക്കുന്ന അവസ്ഥയും ഉണ്ട്. 

Follow Us:
Download App:
  • android
  • ios