അതേസമയം ഇതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുകയാണ് ഇപ്പോൾ കോൺഗ്രസ്. ജെറമി കോർബിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഹസ്തദാനം നൽകുന്ന ചിത്രമാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പങ്കുവച്ചത്.
ദില്ലി: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയുടെ യുകെ സന്ദർശനം വിവാദമാക്കുകയാണ് ബിജെപി. വിവാദ യുകെ എംപി ജെറമി കോർബിനൊപ്പം രാഹുൽ ഗാന്ധി പോസ് ചെയ്യുന്ന ഫോട്ടോ ഉയർത്തിയാണ് ബിജെപി ആരോപണങ്ങളുമായെത്തുന്നത്. ജമ്മു കശ്മീർ വിഷയത്തിൽ ജെറമി കോർബിൻ നേരത്തെ നടത്തിയ ട്വീറ്റുകൾ ബിജെപിയെ ചൊടിപ്പിച്ചിരുന്നു.
'കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനോട് ചേർന്ന് നിൽക്കുന്ന പ്രസ്താവനകൾ നടത്തിയ ജെറമി കോർബിനെ പോലുള്ള ഇന്ത്യാ വിരുദ്ധരുമായി കൂടിക്കാഴ്ച നടത്തിയും ചൈനയുമായി ധാരണാപത്രം ഒപ്പിട്ട് രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് ചൈനീസ് പണം കൈപ്പറ്റിയും.... രാഹുൽ ഇന്ത്യാ വിരുദ്ധ നിലപാടിൽ ഉറച്ചുനിൽക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിർക്കാനുള്ള ശ്രമത്തിൽ എന്തിനാണ് രാജ്യത്തെ എതിർക്കുന്നത്?' - ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല ട്വീറ്റിൽ ചോദിച്ചു.
കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള കോർബിന്റെ ട്വീറ്റുകളും രാഹുൽ ഗാന്ധി ചൈനയുമായി കരാർ ഒപ്പിടുന്നതിന്റെ ഫോട്ടോയും പൂനവാല തന്റെ ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യയും രാഹുലിനെതിരെ രംഗത്തെതതി. കശ്മീർ വിഭജനത്തിനായി വാദിക്കുന്ന ജെറമി കോർബിൻ ഹിന്ദുവിരുദ്ധനാണെന്നും രാഹുൽ ഗാന്ധി കോർബിനൊപ്പം ചേർന്ന് ഇന്ത്യയെ അപമാനിക്കുന്നുവെന്നുമാണ് മാളവ്യ ട്വീറ്റ് ചെയ്തത്.
അതേസമയം ജെറമി കോർബിനുമായി കൂടിക്കാഴ്ച നടത്തിയ രാഹുലിനൊപ്പമുണ്ടായിരുന്ന കോൺഗ്രസ് അനുഭാവിയും വ്യവസായിയുമാ സാം പിത്രോഡ ആരോപണത്തെ എതിർത്തു. "കോർബിൻ എന്റെ സുഹൃത്താണ്, ഹോട്ടലിൽ ചായ കുടിക്കാൻ വന്നതാണ്. ഇതിൽ രാഷ്ട്രീയമൊന്നുമില്ല." - അദ്ദേഹം പറഞ്ഞു.
എന്നാൽ ഇതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുകയാണ് ഇപ്പോൾ കോൺഗ്രസ്. ജെറമി കോർബിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹസ്തദാനം നൽകുന്ന ചിത്രമാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പങ്കുവച്ചത്. “അവസാനമായി, ചുവടെയുള്ള ചിത്രത്തിലെ രണ്ട് പുരുഷന്മാരെ തിരിച്ചറിയാനും അതേ ചോദ്യങ്ങൾ ചോദിക്കാനും ഞാൻ മാധ്യമ സുഹൃത്തുക്കളോട് ആവശ്യപ്പെടട്ടെ? ഇന്ത്യയെക്കുറിച്ചുള്ള ജെറമി കോർബിന്റെ കാഴ്ചപ്പാട് പ്രധാനമന്ത്രി അംഗീകരിച്ചുവെന്നാണോ അതിനർത്ഥം?" കോർബിനുമായി പ്രധാനമന്ത്രി മോദി ഹസ്തദാനം ചെയ്യുന്ന ഫോട്ടോയ്‌ക്കൊപ്പം സുർജേവാല കുറിച്ചു.
പഞ്ചാബ് നാഷണൽ ബാങ്ക് കുംഭകോണം റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് വളരെ മുമ്പ് നീരവ് മോദിക്കൊപ്പം പോസ് ചെയ്തു, ചൈന ഇന്ത്യയുടെ ഭാഗമായ പ്രദേശം കൈയടക്കിയ സമയത്ത് ഷി ജിൻപിങ്ങിനെ കണ്ടു, അതേ സമയത്ത് തന്നെ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് സുർജേവാല മറുപടി ട്വീറ്റ് ചെയ്തു.
