ദില്ലി: കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വേരോട്ടം ഉറപ്പിക്കാൻ ലക്ഷ്യമിട്ട് ബിജപി. കേരളം, തമിഴ്താട്,ബംഗാൾ, പുതുച്ചേരി, ആന്ധ്ര,തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ അംഗങ്ങളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് കര്‍മ്മ പദ്ധതി തയ്യാറാക്കുന്നത്.  ജൂലായ് ആറിന് ബിജെപിയുടെ അംഗത്വ വിതരണം തുടങ്ങുമെന്ന് ബിജെപി ഉപാധ്യക്ഷൻ ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. 

'സര്‍വസ്പര്‍ശി ബിജെപി സര്‍വവ്യാപി ബിജെപി'  എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. അംഗത്വത്തിൽ ഇരുപത് ശതമാനം വർദ്ധനയാണ് ഇത്തവണ ലക്ഷ്യമിടുന്നത്. യുവാക്കളുടെ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കും. രണ്ട് കോടി ഇരുപത്  ലക്ഷം പുതിയ അംഗങ്ങളെ ചേർക്കാനാണ് പദ്ധതി. 

ലോക്സഭയിലേക്ക് വലിയ വിജയം നേടിയെങ്കിലും കേരളത്തിലും ബംഗാളിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ പാര്‍ട്ടി ഉന്നതിയിലെത്തില്ലെന്ന് ദില്ലിയിൽ നടന്ന ഭാരവാഹി യോഗത്തിൽ ബിജെപി അധ്യക്ഷൻ അമിത്ഷാ പറഞ്ഞിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിനൊപ്പം എല്ലായിടത്തും പാര്‍ട്ടിക്ക് വളരാനായിട്ടില്ല. എല്ലാ വിഭാഗങ്ങളിലും പാര്‍ട്ടിക്ക് വളര്‍ച്ച ഉണ്ടാകണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. 

303 സീറ്റിന്‍റെ ചരിത്ര വിജയം കൈവരിച്ചപ്പോഴും കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലുമൊന്നും പാര്‍ട്ടിക്ക് വളര്‍ച്ച ഉണ്ടായിട്ടില്ലെന്നും കേരളത്തിലും ബംഗാളിലും സര്‍ക്കാരുണ്ടാക്കാൻ ബി.ജെ.പിക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

read also: 'തൃപ്തി പോര'; കേരളവും ബംഗാളും പിടിക്കാതെ പാര്‍ട്ടി ഉന്നതിയിലെത്തില്ലെന്ന് അമിത് ഷാ