കൃത്യമായ ആസൂത്രണം നടത്തിയാണ് മഹാരാഷ്ട്രയിലെ സർക്കാരിനെ ബിജെപി വീഴ്ത്തിയത്. നിയമനടപടികളുടെ മേൽനോട്ടം അമിത് ഷായ്ക്കായിരുന്നു. വിമത എംഎൽഎമാർ ഉറച്ചു നില്ക്കും എന്ന് ഉറപ്പാക്കിയ ശേഷമാണ് അവസാന നീക്കങ്ങൾ നടന്നത്. മഹാരാഷ്ട്ര പോലൊരു സംസ്ഥാനത്തിനറെ അധികാരം വരുന്നത് കേന്ദ്രസർക്കാരിന് കരുത്താവുകയാണ്
മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന എംപിമാരെയും രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുമ്പ് ഒപ്പം കൊണ്ടു വരാൻ ബിജെപി നീക്കം തുടങ്ങി. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നീക്കം തടയാൻ കോടതിക്കായില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.
ഉദ്ധവ് താക്കറെയുടെ രാജിപ്രഖ്യാപനം ടിവിയിൽ കാണുന്ന ശരദ് പവാറിൻറെ ദൃശ്യം മഹാരാഷ്ട്രയിൽ നടന്ന നീക്കങ്ങളിൽ എങ്ങനെ മഹാസഖ്യ നേതാക്കൾ നിസ്സഹായരായി എന്നതിൻറെ തെളിവാണ്. കൃത്യമായ ആസൂത്രണം നടത്തിയാണ് മഹാരാഷ്ട്രയിലെ സർക്കാരിനെ ബിജെപി വീഴ്ത്തിയത്. നിയമനടപടികളുടെ മേൽനോട്ടം അമിത് ഷായ്ക്കായിരുന്നു. വിമത എംഎൽഎമാർ ഉറച്ചു നില്ക്കും എന്ന് ഉറപ്പാക്കിയ ശേഷമാണ് അവസാന നീക്കങ്ങൾ നടന്നത്. മഹാരാഷ്ട്ര പോലൊരു സംസ്ഥാനത്തിനറെ അധികാരം വരുന്നത് കേന്ദ്രസർക്കാരിന് കരുത്താവുകയാണ്. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അടുത്ത സംസ്ഥാനത്തെ അധികാരം പിടിക്കുന്നത് ബിജെപിക്ക് മുൻതൂക്കം നല്കും.
ശിവസേനയുടെ പതിനാല് എംപിമാരും പക്ഷം മാറും എന്ന സൂചനയുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുമ്പ് ഇതുണ്ടായാൽ പതിനാലായിരം വോട്ടുമൂല്യം എൻഡിഎ പക്ഷത്ത് കൂടും. ബിജെപി ദേശീയ നിർവ്വാഹകസമിതി യോഗം ഹൈദരാബാദിൽ ശനിയാഴ്ച തുടങ്ങുകയാണ്. ബിജെപി ശ്രദ്ധ ഇനി രാജസ്ഥാനിലേക്ക് മാറാനാണ് സാധ്യത. സച്ചിൻ പൈലറ്റിനും അശോക് ഗലോട്ടിനുമിടയിലെ തർക്കം വീണ്ടും രൂക്ഷമാകുകയാണ്.
പല സംസ്ഥാനങ്ങളിലും നേരത്തെ കണ്ട നീക്കം ആവർത്തിച്ചാണ് ഭരണം ബിജെപി പിടിച്ചതെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജെവാല കുറ്റപ്പെടുത്തി. കോടതിക്ക് ഇത് തടയാനായില്ലെന്നും സുർജെവാല ആരോപിച്ചു. ശിവസേനയുടെ കൂടെ നില്ക്കുന്നതിനെ ആദ്യം എതിർത്ത രാഹുൽ ഗാന്ധി ഭാവിയിൽ എന്തു നിലപാട് സ്വീകരിക്കും എന്നറിയാൻ കാത്തിരിക്കണം.
അതേസമയം, ശിവസേനാ വിമതരുടെ പിന്തുണക്കത്തുമായി ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് ഗവര്‍ണറെ കാണും. മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതേയുള്ളൂ എന്ന് ഏക്‍നാഥ് ഷിൻഡെ പറഞ്ഞു. മഹാവികാസ് അഖാഡി സഖ്യം തുടരണോ എന്നകാര്യത്തിൽ തീരുമാനം എടുക്കാൻ കോൺഗ്രസ് യോഗം ചേരുകയാണ്.
രണ്ടര വർഷക്കാലം നീണ്ട് നിന്ന മഹാവികാസ് അഖാഡി സഖ്യസർക്കാർ വീണു. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ ഉദ്ദവ് രാജി വച്ചതോടെ ഇനി പന്ത് ബിജെപിയുടെ കോർട്ടിലാണ്. വിമതരും സ്വതന്ത്രരുമടക്കടക്കമുള്ളവരുടെ പിന്തുണക്കത്തുമായി ഫഡ്നാവിസ് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കും. രണ്ട് ദിവസത്തിനകം രാജ്ഭവൻ ദർബാർ ഹാളിൽ വച്ച് സത്യപ്രതിഞ്ജാ ചടങ്ങ് നടത്താനാണ് ധാരണ.സത്യപ്രതിഞ്ജാ ദിവസം മുംബൈയിലെത്തിയാൽ മതിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഗോവയിലുള്ള സേനാ വിമതർക്ക് നൽകിയ നിർദ്ദേശം.ബിജെപിയുമായി സഖ്യത്തിലാവുമെങ്കിലും മന്ത്രിസ്ഥാനങ്ങളെക്കുറിച്ച് ചർച്ച നടക്കുന്നതേയുള്ളൂ എന്ന് ഗോവയിലുള്ള വിമത നേതാവ് ഏക്നാഥ് ഷിൻഡേ പ്രതികരിച്ചു.
ഉദ്ദവിനെ പുറകിൽ നിന്ന് കുത്തിയെന്ന് ഒരു കാർട്ടൂൺ സഹിതം സേനാ നേതാവ് സഞ്ജയ് റാവത്തും ട്വീറ്റ് ചെയ്തു.അതിനിടെ വിശ്വാസ വോട്ടെടുപ്പിന് ഉദ്ദവ് തയ്യാറാവണമായിരുന്നെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ബാലാസാഹേബ് തോറാട്ട് പറഞ്ഞു. സഖ്യത്തിന്‍റെ ഭാവി ചർച്ച ചെയ്യാൻ നിയമസഭാ മന്തിരത്തിൽ എംഎൽഎമാരുടെ യോഗവും കോൺഗ്രസ് വിളിച്ചു
