കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ പേരില്‍ ബിജെപി ഭീതി പരത്തുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ നടന്ന  തൊഴിലാളി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.  എന്നാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ ബംഗാളില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നത് ബംഗാളില്‍ എന്നല്ല മറ്റൊരിടത്തും ഉണ്ടാകില്ലെന്നും അസമില്‍ മാത്രമാണ് പ്രാവര്‍ത്തികമാക്കുക എന്നും മമത ഉറപ്പ് നല്‍കി. 'ആറുമരണങ്ങള്‍ക്ക് വഴി തെളിച്ച ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ പേരില്‍ ബംഗാളില്‍ ഭയം സൃഷ്ടിക്കുന്നതില്‍ ബിജെപി ലജ്ജിക്കണം. എന്നെ വിശ്വസിക്കൂ. ഇത് ഞാന്‍ ബംഗാളില്‍ അനുവദിക്കില്ല'- മമത പറഞ്ഞു. 

പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ പൗരത്വ രജിസ്റ്റർ പ്രകാരം 3 കോടി 11 ലക്ഷം പേരാണ് അസമിൽ ഇന്ത്യൻ പൗരന്മാര്‍. 19 ലക്ഷം പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്. അസമിൽ ഇപ്പോൾ താമസിക്കുന്നവരിൽ എത്ര പേർക്ക് ഔദ്യോഗികമായി ഇന്ത്യൻ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റർ.