Asianet News MalayalamAsianet News Malayalam

ടിഎൻ പ്രതാപനെയും ഹൈബി ഈഡനെയും ലോക്സഭയിൽ നിന്ന് പുറത്താക്കണമെന്ന് ബിജെപി

സ്പീക്കറുടെ മുഖത്തേക്ക് രണ്ടു പേരും പേപ്പർ കീറി എറിഞ്ഞിരുന്നു. വൈകീട്ട് സഭ ചേർന്നപ്പോഴും ഇരുവരും കരിങ്കൊടി കാട്ടിയിരുന്നു

BJP demands action against TN Prathapan Hibi eden kgn
Author
First Published Mar 27, 2023, 5:27 PM IST

ദില്ലി: കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവർക്കെതിരെ നിലപാട് കടുപ്പിച്ച് ബിജെപി. പാർലമെൻറി പാർട്ടി ഭാരവാഹികളുടെ യോഗം ചേർന്ന ശേഷം എംപിമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി. രണ്ടു പേരെയും പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്പീക്കറുടെ മുഖത്തേക്ക് രണ്ടു പേരും പേപ്പർ കീറി എറിഞ്ഞിരുന്നു. വൈകീട്ട് സഭ ചേർന്നപ്പോഴും ഇരുവരും കരിങ്കൊടി കാട്ടിയിരുന്നു. 

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ ലോക് സഭയില്‍ ശക്തമായ പ്രതിഷേധമാണ് ഇന്ന് നടന്നത്. സ്പീക്കര്‍ക്ക് നേരെ പ്ലക്കാര്‍ഡ് വലിച്ചെറിഞ്ഞും, പേപ്പര്‍ കീറിയെറിഞ്ഞും മുദ്രാവാക്യം മുഴക്കിയുമായിരുന്നു പ്രതിഷേധം. അദാനി വിഷയത്തില്‍ കൂടി പ്രതിഷേധം കനത്തു. ഇതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ രാജ്യസഭയും ലോക്സഭയും പിരിഞ്ഞു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ലോക് സഭ സെക്രട്ടറിയേറ്റിന്‍റെ ഉത്തരവാണ് സ്പീക്കര്‍ക്ക് നേരെ കീറിയെറിഞ്ഞത്. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളും ചെയറിന് നേരെ വലിച്ചെറിഞ്ഞു. സ്ഥിതി വഷളായതോടെ നാല് മണിവരെ ലോക് സഭ നിര്‍ത്തിവച്ച് സ്പീക്കര്‍ മടങ്ങി. രൂക്ഷമായ മുദ്രാവാക്യങ്ങളുമായി രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ രാജ്യസഭയും പിരിഞ്ഞു. തുടര്‍ന്ന് ഗാന്ധി പ്രതിമക്ക് മുന്‍പിലേക്ക് പ്രതിഷേധം മാറ്റി. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് ജനാധിപത്യത്തിലെ കറുത്ത അധ്യായമാണെന്ന സന്ദേശം നല്‍കി കറുത്ത വസ്ത്രവും മാസ്കും ധരിച്ചെത്തിയ എംപിമാര്‍ വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
 

Follow Us:
Download App:
  • android
  • ios