ആന്ധ്രയിൽ ടിഡിപി നയിക്കുന്ന എൻഡിഎ സഖ്യത്തിന്റെ പ്രകടന പത്രിക അവതരിപ്പിച്ച വേദിയിൽ ഒരിടത്തും പ്രധാനമന്ത്രിയുടെ ചിത്രം ഉണ്ടായിരുന്നില്ല.

വിജയവാഡ: ആന്ധ്ര പ്രദേശിൽ ചൂടുപിടിക്കാതെ ബിജെപി പ്രചാരണം. എൻഡിഎ പ്രകടന പത്രിക അവതരിപ്പിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഇല്ലാത്തതും ബിജെപിയുടെ തണുത്ത പ്രതികരണവും സംസ്ഥാനത്ത് ചർച്ചയായിരിക്കുകയാണ്. എന്നാൽ ജഗൻ മോഹൻ റെഡ്‌ഡി ആക്രമണം കടുപ്പിക്കുമ്പോൾ സഖ്യം ഒറ്റക്കെട്ടാണെന്നാണ് ബിജെപിയുടെ മറുപടി. 

ആന്ധ്രയിൽ ടിഡിപി നയിക്കുന്ന എൻഡിഎ സഖ്യത്തിന്റെ പ്രകടന പത്രിക അവതരിപ്പിച്ച വേദിയിൽ ഒരിടത്തും പ്രധാനമന്ത്രിയുടെ ചിത്രം ഉണ്ടായിരുന്നില്ല. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ നേതാവ് സിദ്ധാർത്ഥ് നാഥ് സിംഗ്, വേദിയിലുണ്ടായിട്ടും പ്രകടന പത്രികയുടെ പകർപ്പ് സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. സംഭവം എൻഡിഎയെ അടിക്കാനുള്ള വടിയാക്കി മാറ്റുകയാണ് വൈഎസ്ആർസിപി. താൻ ആണ് എല്ലായിടത്തും സ്ഥാനാർത്ഥി എന്നവകാശപ്പെടുന്ന മോദിക്ക് ആന്ധ്രയിലെ കൂട്ടുകെട്ടിൽ വിശ്വാസം ഇല്ലേയെന്നാണ് ജഗൻ മോഹൻ റെഡ്ഡിയുടെ ചോദ്യം.

എന്നാൽ മുന്നണിയിൽ ആശയക്കുഴപ്പം ഇല്ലെന്നും സംസ്ഥാനത്തു ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വം അംഗീകരിച്ചാണ് മുന്നോട്ടു പോകുന്നതെന്നും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്ന ചന്ദ്രശേഖർ ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞു ബിജെപി 6 ലോക്സഭ സീറ്റിൽ മാത്രമേ മത്സരിക്കുന്നുള്ളൂ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലാണ് മുന്നണിയെന്നും അദ്ദേഹം വിശദീകരിച്ചു. 

YouTube video player