റാഞ്ചി: മഹാരാഷ്ട്രയില്‍ ശിവസേന ഉണ്ടാക്കിയ പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കാന്‍ ജാര്‍ഖണ്ഡില്‍ ബിജെപി കരുതലോടെയാണ് മുന്നോട്ടുപോകുന്നത്. ജാര്‍ഖണ്ഡില്‍ ബിജെപി സര്‍ക്കാരിനെ നിലവില്‍ പിന്തുണയ്ക്കുന്ന ജാര്‍ഖണ്ഡ് സ്റ്റുഡ‍ന്‍സ് യൂണിയനെ പോലും കൂടെക്കൂട്ടാതെ തനിച്ചാണ് ഇത്തവണ ബിജെപിയുടെ മല്‍സരം.

ജാര്‍ഖണ്ഡില്‍ സീറ്റുവിഭജന ചര്‍ച്ച പുരോഗമിക്കുന്നതിനിടെയായിരുന്നു ബിജെപിയെ വെട്ടിലാക്കിയ ശിവസേനയുടെ തീരുമാനം.
ജാര്‍ഖണ്ഡിലെ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന ജാര്‍ഖണ്ഡ് സ്റ്റുഡന്‍സ് യൂണിയന്‍ ഇത്തവണ 19 സീറ്റ് ആവശ്യപ്പെട്ടപ്പോള്‍
മുന്നണിക്ക് തയ്യാറാവാതെ തനിച്ച് മല്‍സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു ബിജെപി. എല്‍ജെപിയും ജെഡിയും എല്ലാം തനിച്ചാണ് ഇത്തവണ ജാര്‍ഖണ്ഡില്‍ കളത്തിലിറങ്ങുന്നത്. തനിച്ച് മല്‍സരിക്കുന്നതാണ് നല്ലതെന്നാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.

ബിജെപി തനിച്ച് മല്‍സരിച്ചാല്‍ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണം പൂര്‍ണമായി പ്രതിപക്ഷ
പാര്‍ട്ടികള്‍ക്ക് കിട്ടില്ലെന്നും അതുവഴി ജയിച്ചുകയറാമെന്നും ബിജെപിയിലെ ചില നേതാക്കള്‍ വിശ്വസിക്കുന്നു. എന്നാല്‍
പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി മല്‍സരിക്കുന്നതിനാല്‍ തനിച്ച് മല്‍സരിക്കാനുള്ള തീരുമാനം തിരിച്ചടിയാകുമെന്ന് കരുതുന്ന
നേതാക്കളും ബിജെപിയിലുണ്ട്. ജാര്‍ഖണ്ഡിലെ കഴിഞ്ഞ തവണ ചെയ്തതുപോലെ തെരഞ്ഞെടുപ്പിന് ശേഷം മറ്റുകക്ഷികളെ
കൂടെ കൂട്ടാനാണ് ബിജെപി നീക്കം.

ഭരണവിരുദ്ധ വികാരം ജാര്‍ഖണ്ഡില്‍ ഉണ്ടെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ജാര്‍ഖണ്ഡിലെ നിലവിലുള്ള മുഖ്യമന്ത്രിക്ക് വേണ്ടത്ര ജനപ്രീതിയില്ലാത്തതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും നേരിട്ടെത്തി പ്രചാരണത്തില്‍ മുന്നേറാനാണ് ബിജെപി ക്യാമ്പ് ആലോചിക്കുന്നത്. സംസ്ഥാന വിഷയങ്ങള്‍ കാര്യമായി പറയാതെ കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതടക്കമുള്ള ദേശീയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപി തന്ത്രം. കഴിഞ്ഞ തെരെഞ്ഞടുപ്പില്‍ ആകെയുള്ള 81 സീറ്റില്‍ 37 സീറ്റുകളാണ് ബിജെപിക്ക് കിട്ടിയത്. അഞ്ചു സീറ്റുകളുള്ള ജാര്‍ഖണ്ഡ് സ്റ്റുഡന്‍സ് യൂണിയനെ കൂടെക്കൂട്ടിയാണ് ബിജെപി ഭരണം പിടിച്ചത്. പ്രതിപക്ഷ സഖ്യം നല്ല ആത്മവിശ്വാസത്തിലാണ് ഇത്തവണ മല്‍സരത്തിനിറങ്ങുന്നത്.