ദില്ലി: റഫാൽ ഇടപാടിൽ മോദി അഴിമതി നടത്തിയതായി സുപ്രീംകോടതി കണ്ടെത്തിയെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ബിജെപി സുപ്രീം കോടതിയിൽ. രാഹുലിന്‍റെ പ്രസ്താവനക്കെതിരെ ബിജെപി ക്രിമിനൽ കോടതിയലക്ഷ്യ ഹർജി നൽകി. 

ബിജെപി എംപി മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഹർജി അടുത്ത തിങ്കളാഴ്ച (15 ന് ) പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. റഫാലിൽ അഴിമതി നടന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനിൽ അംബാനിക്കു മുപ്പത്തിനായിരം കോടി നൽകിയെന്നതു സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നുവെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ഇതിനെതിരെയാണ് കോടതിയലക്ഷ്യ ഹർജി നൽകിയിരിക്കുന്നത്. 

പുനഃപരിശോധനാ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമ്പോള്‍ പുതിയ തെളിവുകളും പരിഗണിക്കുമെന്ന് മാത്രമാണ് കോടതി പറഞ്ഞതെന്നും മോദി അഴിമതിക്കാരനാണെന്ന് കോടതി പറ‍‌ഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.