ദില്ലി: കൊവിഡ് വൈറസിന്‍റെ പശ്ചാത്തലത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് പ്രഭു വീട്ടില്‍ കരുതല്‍ നിരീക്ഷണത്തില്‍. അടുത്തിടെ അദ്ദേഹം സൗദി അറേബ്യയില്‍ സന്ദർശനം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് 14 ദിവസം കരുതൽ നിരീക്ഷണം നടത്താന്‍ തീരുമാനിച്ചത്. പരിശോധനയിൽ കൊവിഡ് രോഗം ഇല്ലെന്ന് കണ്ടെത്തിയെങ്കിലും മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിരീക്ഷണം. 

അതേസമയം ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 143 ആയി. രാജ്യത്ത് കൊല്‍ക്കത്തയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 42 ആയി. പതിനാല് പേരാണ് രാജ്യത്ത് രോഗം ഭേദമായി ആശുപത്രി വിട്ടത്. 24 വിദേശികള്‍ ചികിത്സയിലുണ്ട്. അതോടൊപ്പം  യൂറോപ്യന്‍ യൂണിയന്‍, യു.കെ. അഫ്ഗാനിസ്ഥാന്‍, മലേഷ്യ, ഫിലിപ്പിയന്‍സ് എന്നിടങ്ങളിലെ യാത്രാ വിലക്ക് ഇന്ന് നിലവില്‍ വരും.