Asianet News MalayalamAsianet News Malayalam

'അയോധ്യയില്‍ ബിജെപി സര്‍ക്കാര്‍ കോടതിവിധി മറികടക്കണം'; ബാബറിന്‍റെ പേരില്‍ പള്ളി അനുവദിക്കരുതെന്ന് പുരി ശങ്കരാചാര്യ പീഠാധിപതി

നമ്മൾ ഭരണഘടന അനുസരിച്ച് പോകുകയാണെങ്കിൽ ജാതികളിലോ വർണാശ്രമ സമ്പ്രദായത്തിലോ വിശ്വസിക്കാൻ കഴിയില്ല. തങ്ങൾ മതേതര ഭരണഘടന പിന്തുടരേണ്ടതില്ലെന്നും പുരി ഗോവർധൻ ശങ്കരാചാര്യ പീഠാധിപതി സ്വാമി നിശ്ചലാനന്ദ സരസ്വതി കൂട്ടിച്ചേർത്തു. 
 

BJP government not allow the construction of mosque in the name of Babar in the country says Swami Nischalanand Saraswati
Author
Udupi, First Published Nov 28, 2019, 6:02 PM IST

ദില്ലി: അയോധ്യ തർക്കഭൂമി കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ബിജെപി സർക്കാർ മറികടക്കണമെന്ന് പുരി ഗോവർധൻ ശങ്കരാചാര്യ പീഠാധിപതി സ്വാമി നിശ്ചലാനന്ദ സരസ്വതി. രാജ്യത്ത് ഒരിടത്തും ബാബറിന്റെ പേരിൽ പള്ളികൾ നിർമ്മിക്കാൻ അനുവദിക്കരുതെന്നും സ്വാമി നിശ്ചലാനന്ദ സരസ്വതി പറ‍ഞ്ഞു. ഉടുപ്പിയിൽ പെജവാർ മഠത്തിലെ വിശ്വേശ തീർത്ഥ സ്വാമിയുമായുള്ള ചർച്ചയ്ക്കിടെയായിരുന്നു നിശ്ചലാനന്ദ സരസ്വതിയുടെ വിവാദപരമാർശം.

രാമജന്മഭൂമി വിഷയത്തിൽ മുസ്ലീങ്ങളോട് ഔദാര്യം കാണിക്കേണ്ടതിന്റേയോ മുസ്ലീകൾക്ക് ഭൂമി നൽകേണ്ടതിന്റേയോ ആവശ്യമില്ല. ഇക്കാര്യത്തിൽ ഔദാര്യം എന്നത് അർത്ഥമാക്കുന്നത് ബലഹീനതയാണ്. പാർലമെന്റ് സുപ്രീംകോടതിക്കും മുകളിലാണ്. പാർലമെന്റിൽ ബിജെപിക്ക് ഭൂരിപക്ഷമുണ്ട്. രാജ്യസ്നേഹിയാണെങ്കിൽ, അയോധ്യ വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി മറികടന്ന് രാജ്യത്ത് ബാബറിന്റെ പേരിൽ ഒരു പള്ളി പണിയാൻ അനുവദിക്കാതിരിക്കുകയുമാണ് ബിജെപി ചെയ്യേണ്ടത്.

അയോധ്യയിൽ മുസ്ലീകൾക്ക് ഭൂമി നൽകുകയാണെങ്കിൽ, അവർ അവിടെ മദ്രസയോ സർവകലാശാലയോ പണിയും. മഥുര, കാശി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് സമാനമായ തീരുമാനം വരികയാണെങ്കിൽ, രാജ്യത്ത് മൂന്ന് പുതിയ ‘പാകിസ്ഥാൻ’ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അധികാരത്തിൽ മാത്രമെ താൽ‌പര്യമുള്ളൂ. അവർ ഇന്നത്തെക്കുറിച്ച് മാത്രമെ ചിന്തിക്കുകയുള്ളൂ. രാഷ്ട്രീയപാർട്ടി നേതാക്കളെ പിന്തുടരുകയെന്നത് മത സംഘടനകളിലെ നേതാക്കളുടെ ജോലിയായിരുന്നില്ല, മറിച്ച് സമൂഹത്തിൽ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് മതനേതാക്കൾ ചെയ്യേണ്ടത്. എന്നാൽ, രാഷ്ട്രീയ നേതാക്കൾ മതനേതാക്കളെ പിന്തുടരണമെന്നത് നിർബന്ധമാണ്.

അയോധ്യയിലെ രാമജന്മഭൂമി തർക്കത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ല. ഇന്ത്യയിൽ മൂന്ന് മുസ്ലീം രാഷ്ട്രപതിമാർ അധികാരത്തിലെത്തിയിരുന്നു. ഒരു മുസ്ലീം ആഭ്യന്തരമന്ത്രിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉണ്ടായിരുന്നു. രാജ്യത്ത് മുസ്ലീം മുഖ്യമന്ത്രിമാരും ​ഗവർണർമാരുമുണ്ടായിരുന്നു. ഇത് ഹിന്ദുക്കളുടെ ബലഹീനതയായി കണക്കാക്കരുത്. മതപരമായ വിഷയങ്ങളിലെ വിധികർത്താക്കളാണ് സന്യാസിമാർ. നമ്മൾ ഭരണഘടന അനുസരിച്ച് പോകുകയാണെങ്കിൽ ജാതികളിലോ വർണാശ്രമ സമ്പ്രദായത്തിലോ വിശ്വസിക്കാൻ കഴിയില്ല. തങ്ങൾ മതേതര ഭരണഘടന പിന്തുടരേണ്ടതില്ലെന്നും പുരി ഗോവർധൻ ശങ്കരാചാര്യ പീഠാധിപതി സ്വാമി നിശ്ചലാനന്ദ സരസ്വതി കൂട്ടിച്ചേർത്തു. 
 
എന്നാൽ, ജനങ്ങളും ഭരണാധികാരികളും ഇന്ത്യൻ ഭരണഘടന പിന്തുടരുക എന്നത് അത്യാവശ്യമാണെന്നായിരുന്നു പെജവാർ മഠത്തിലെ വിശ്വേശ തീർത്ഥ സ്വാമിയുടെ പ്രതികരണം. കുറഞ്ഞത് ഒരു വിഭജന ഇന്ത്യയിൽ, നമുക്ക് രാമജന്മഭൂമിയുടെ മേൽ പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കണം. തനിക്ക് സംസാരിക്കുന്നതിനും അഭിപ്രായ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios