പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ പഴയ ക്രിമിനൽ കേസുകളിൽ അന്വേഷണം ഊർജ്ജിതമാക്കി. അറസ്റ്റ് ഭയന്ന് ഉത്തര ദിനാജ്‌പൂർ ജില്ലയിലെ ടിഎംസി, കോൺഗ്രസ് നേതാക്കൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, നിയമം നടപ്പാക്കുകയാണെന്ന് ബിജെപി സർക്കാർ വാദിക്കുന്നു.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ പഴയ ക്രിമിനൽ കേസുകളിൽ അന്വേഷണം ഊർജ്ജിതമാക്കാൻ തീരുമാനിച്ചു. ഉത്തര ദിനാജ്‌പൂർ ജില്ലയിലെ ഇസ്‌ലാംപൂരിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസിൻ്റെയും കോൺഗ്രസിൻ്റെയും നേതാക്കൾ നടപടി ഭയന്ന് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. മറ്റ് ജില്ലകളിൽ കഴിഞ്ഞ 15 വർഷത്തിനിടെ നടന്ന ക്രിമിനൽ കേസുകളിലും അന്വേഷണം ശക്തമാക്കാനാണ് സർക്കാരിൻ്റെ തീരുമാനം. ഇതോടെ തൃണമൂൽ കോൺഗ്രസിൻ്റെ നേതാക്കളിൽ വലിയൊരു വിഭാഗം ആശങ്കയിലാണ്.

Add Asianetnews as a Preferred SourcegooglePreferred

വർഷങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്ത കേസുകളിലാണ് ഇപ്പോൾ പോലീസ് നടപടി ശക്തമാക്കുന്നത്. രാഷ്ട്രീയ സംഘർഷങ്ങളുമായും പ്രതിഷേധങ്ങളുമായും ബന്ധപ്പെട്ട കേസുകളാണ് ഇതിൽ ഭൂരിഭാഗവും. അറസ്റ്റ് ഒഴിവാക്കുന്നതിനായാണ് തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് പാർട്ടികളിലെ പ്രാദേശിക നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ഇസ്‌ലാംപൂർ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷകൾ സമർപ്പിച്ചിരിക്കുന്നത്. ബിജെപി സർക്കാർ അധികാരമുപയോഗിച്ച് തങ്ങളെ വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നു. രാഷ്ട്രീയ പകപോക്കലാണിതെന്നും വിമർശനമുണ്ട്. തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന ചോപ്ര പഞ്ചായത്ത് പ്രസിഡണൻ്റ് കോനിക ഭൗമികിൻ്റെ ഭർത്താവ് ഗോപാൽ ഭൗമിക് കഴിഞ്ഞ ദിവസം പഴയൊരു കേസിൽ അറസ്റ്റിലായിരുന്നു. ഇതിന് പുറമെ ചോപ്ര മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിനോട് പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥി ശങ്കർ അധികാരിയുടെ സഹോദരൻ സുബ്രത അധികാരിയും പഴയൊരു കേസിൽ പൊലീസിൻ്റെ പിടിയിലായിട്ടുണ്ട്.

നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്നും കുറ്റവാളികളെ പിടികൂടുകയാണ് സർക്കാരിന്റെ ഉത്തരവാദിത്തമെന്നുമാണ് ബിജെപി നേതാക്കളുടെ മറുപടി. സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ ഇസ്‌ലാംപൂർ മേഖലയിൽ പ്രതിപക്ഷ നേതാക്കൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കേസുകൾ കുത്തിപ്പൊക്കുന്നതിലൂടെ രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ടിഎംസിയും കോൺഗ്രസും ആരോപിക്കുന്നു. സംസ്ഥാനത്ത് ചുമതലയേറ്റതിന് പിന്നാലെ മുഖ്യമന്ത്രി സുവേന്ദു അധികാരി പൊലീസ് ഉന്നതരുടെ യോഗം വിളിച്ച് പഴയ കേസുകളിൽ ശക്തമായ അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു.