അഗര്‍ത്തല: ത്രിപുരയില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് സിപിഎം. നിലവിലെ സംസ്ഥാന ഭരണകക്ഷിയായ ബിജെപി 95 ശതമാനം സീറ്റുകളും സ്വന്തമാക്കിയാണ് അപ്രമാദിത്വം ഉറപ്പിച്ചത്. 85 ശതമാനം സീറ്റുകളിലും എതിരില്ലാതെയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയം നേടിയത്.

ജൂലെെ 27നായിരുന്നു വോട്ടെടുപ്പ്. 833 ഗ്രാമപഞ്ചായത്തുകള്‍, 82 പഞ്ചായത്ത് സമിതികള്‍, 79 ജില്ലാ പഞ്ചായത്തുകള്‍ എന്നീ സീറ്റുകളിലേക്കാണ് മത്സരം നടന്നത്. അതില്‍ 833 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 638 എണ്ണത്തില്‍ ബിജെപി വിജയം സ്വന്തമാക്കി. കോണ്‍ഗ്രസ് 158 സീറ്റുകള്‍ നേടിയപ്പോള്‍ സിപിഎം 22 സീറ്റുകളിലേക്ക് ഒതുങ്ങി.

ഐപിഎഫ്ടി ആറ് സീറ്റ് നേടിയപ്പോള്‍ സ്വതന്ത്രര്‍ ഒമ്പത് സീറ്റില്‍ വിജയിച്ചു. പഞ്ചായത്ത് സമിതികളില്‍ 74 സീറ്റുകള്‍ ബിജെപി സ്വന്തമാക്കിയപ്പോള്‍ സിപിഎമ്മിന് ഒരെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. ആറ് സീറ്റ് കോണ്‍ഗ്രസ് നേടി. 79 ജില്ലാ പഞ്ചായത്തുകളില്‍ 77ഉം ബിജെപി നേടിയപ്പോള്‍ സിപിഎം സംപൂജ്യരായി. കോണ്‍ഗ്രസ് രണ്ടെണ്ണത്തില്‍ ജയിച്ചു.