ദില്ലി: ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആശയങ്ങളും കഴിഞ്ഞ അ‍ഞ്ച് വര്‍ഷക്കാലം രാജ്യത്തിന് വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് ബിജെപിയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന് ഹരിയാനയിലെ ബിജെപി സ്ഥാനാര്‍ഥിയും കായിക താരവുമായ യോഗേശ്വര്‍ ദത്ത്.

'ബിജെപിക്ക് സമാനമായി ദേശീയതയില്‍ ഊന്നിയതാണ് എന്‍റെയും ആശയങ്ങള്‍. കഴിഞ്ഞ അ‍ഞ്ച് വര്‍ഷക്കാലം രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെകാര്യങ്ങള്‍ ചെയ്തു. രാജ്യം ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. അതെപ്പോഴും സാധ്യമാകുന്നത് ബിജെപിയിലൂടെയാണ്. ദേശീയതയില്‍ ഊന്നിയുള്ള ബിജെപിയുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും സര്‍ജിക്കല്‍ സ്ട്രൈക്ക് പോലുള്ള നീക്കങ്ങളും തന്നെ ആകര്‍ഷിച്ചു.' 

ജനങ്ങളുടെ ആശീര്‍വാദം തനിക്കൊപ്പമുണ്ടെന്നും വിജയപ്രതീക്ഷയിലാണെന്നും ബിജെപി സ്ഥാനാര്‍ത്ഥികൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബറോഡ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് മുന്‍ ഗുസ്തി താരമായ യോഗേശ്വര്‍.കഴിഞ്ഞ സെപ്റ്റംബര്‍ 30 തിനാണ് മുന്‍ ഒളിമ്പിക് മെ‍ഡല്‍ ജേതാവുകൂടിയായ യോഗേശ്വര്‍ ദത്ത് ബിജെപി അംഗത്വമെടുത്തത്.