Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിരോധം: കേരളത്തെ പുകഴ്ത്തിയും മഹാരാഷ്ട്രയെ കുറ്റപ്പെടുത്തിയും ബിജെപി

രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ ആദ്യ കൊവിഡ് കേസ് മാര്‍ച്ച് ഒമ്പതിനാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 70 ദിവസം പിന്നിട്ടപ്പോള്‍ രോഗികളുടെ എണ്ണം 1000ത്തില്‍ താഴെ മാത്രമാണ്.
 

BJP impressed with Kerala's COVID-19 fight, slams Maharashtra
Author
Mumbai, First Published May 20, 2020, 7:53 PM IST

മുംബൈ: കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാറിനെ പ്രശംസിച്ചും മഹാരാഷ്ട്രയെ വിമര്‍ശിച്ചും ബിജെപി മഹാരാഷ്ട്ര ഘടകം. കൊവിഡ് പ്രതിരോധിക്കുന്നതില്‍ മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാറിനെതിരെ മെയ് 22ന് സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ ആരോഗ്യ മേഖല പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. പാവപ്പെട്ടവര്‍ക്ക് പാക്കേജ് പ്രഖ്യാപിക്കാന്‍ ഇതുവരെ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്നും പാട്ടീല്‍ ആരോപിച്ചു.

ആദ്യഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാറിന് പ്രതിപക്ഷമെന്ന നിലയില്‍ ബിജെപി പൂര്‍ണപിന്തുണ നല്‍കി. എന്നാല്‍, രോഗവ്യാപനം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. മാര്‍ച്ച് ഒമ്പതിനാണ് മഹാരാഷ്ട്രയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 70 ദിവസം പിന്നിട്ടപ്പോള്‍ രോഗികളുടെ എണ്ണം 40000ത്തിനടുത്തെത്തി. 1300 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത് സര്‍ക്കാറിന്റെ കഴിവുകേടിന്റെ തെളിവാണെന്നും പാട്ടീല്‍ കുറ്റപ്പെടുത്തി. 

അതേസമയം, കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാറിനെ പാട്ടീല്‍ പ്രശംസിച്ചു. രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ ആദ്യ കൊവിഡ് കേസ് മാര്‍ച്ച് ഒമ്പതിനാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 70 ദിവസം പിന്നിട്ടപ്പോള്‍ രോഗികളുടെ എണ്ണം 1000ത്തില്‍ താഴെ മാത്രമാണ്. പത്തില്‍ താഴെ രോഗികള്‍ മാത്രമാണ് മരിച്ചതെന്നും പാട്ടീല്‍ പറഞ്ഞു. 

ചൊവ്വാഴ്ച സംസ്ഥാന സര്‍ക്കാറിനെതിരെ കലക്ടര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ നിവേദനം നല്‍കി. വെള്ളിയാഴ് സാമൂഹിക അകലം പാലിച്ച് ബിജെപി പ്രവര്‍ത്തകര്‍ സമരം നടത്തും. ബിജെപി മഹാരാഷ്ട്ര വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ മഹാരാഷ്ട്രയോട് ചെയ്ത അനീതിക്കെതിരെയാണ് ബിജെപി സമരം ചെയ്യേണ്ടതെന്നും അവരുടെ കൂറ് മഹാരാഷ്ട്രയോടല്ലെന്നും അദ്ദേഹം പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios