തിരുവനന്തപുരം: കാര്‍ഷിക നിയമ ഭേദഗതിയെ പിന്തുണച്ച് ഒ രാജഗോപാല്‍ എംഎല്‍എ. കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ അവതരിപ്പിച്ച പ്രമേയത്തിന് പിന്നാലെ സംസാരിക്കവേയായിരുന്നു എംഎല്‍എ നിയമ ഭേദഗതിയെ പിന്തുണച്ചത്. നിയമഭേദഗതി കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്നായിരുന്നു എംഎല്‍എ നിയമസഭയില്‍ പറഞ്ഞത്.

നിയമ ഭേദഗതി നേരത്തെ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. എന്തിനും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുകയാണ്. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ചര്‍ച്ചക്ക് പ്രധാനമന്ത്രി എതിരല്ലെന്നും എംഎല്‍എ പറഞ്ഞു. സഭയിലെ പരാമര്‍ശങ്ങളെ ശക്തമായി എതിര്‍ക്കുന്നതായും രാജഗോപാല്‍ പറഞ്ഞു. 

കേന്ദ്രസർക്കാരിന്‍റെ കാർഷിക നിയമപരിഷ്കരണത്തിനെതിരെ മുഖ്യമന്ത്രി നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവിന്‍റെ അഭാവത്തിൽ കെസി ജോസഫ് കോണ്‍ഗ്രസില്‍ നിന്നും പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു. പ്രമേയത്തിൽ മൂന്ന് നിയമഭേദഗതികളും കെസി ജോസഫ് നിർദേശിച്ചു.