Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടിൽ നിർ‍ണ്ണായക നീക്കവുമായി ബിജെപി; രജനീകാന്തിനെ എൻഡിഎയിലേക്ക് ക്ഷണിച്ച് ദേശീയ സെക്രട്ടറി എച്ച് രാജ

സഖ്യ സന്നദ്ധത വ്യക്തമാക്കിയാൽ ഉടൻ കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടൽ ഉണ്ടാകുമെന്നും എച്ച് രാജ അറിയിച്ചു. പെരിയാർ വിവാദത്തിൽ രജനീകാന്തിനെ കടന്നാക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും എച്ച് രാജ പറഞ്ഞു.

BJP INVITES Rajinikanth TO POLITICAL ALLIANCE IN TAMIL NADU
Author
Chennai, First Published Jan 28, 2020, 12:03 PM IST

ചെന്നൈ: തമിഴ്നാട്ടിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപി. നടൻ രജനീകാന്തിനെ ബിജെപി സഖ്യമുണ്ടാക്കാൻ ക്ഷണിച്ചു. രജനീകാന്തിന് ബിജെപിയുടെ പൂർണ്ണപിന്തുണയുണ്ടെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ വ്യക്തമാക്കി. സഖ്യകാര്യത്തിൽ രജനീകാന്ത് ഉടൻ തീരുമാനം വെളിപ്പെടുത്താൻ തയ്യാറാകണമെന്ന് രാജ ആവശ്യപ്പെട്ടു. രജനീകാന്തിന്റെ രാഷ്ട്രീയ ഉപദേശകൻ തമിഴരുവി മണിയനുമായി ബിജെപി നേതാക്കൾ ചർച്ച നടത്തി. സ്റ്റാലിനും രജനീകാന്തും തമ്മിലാണ് അടുത്ത പോരാട്ടമെന്ന് തമിഴരുവി മണിയന്‍ വ്യക്തമാക്കി.

രജനീകാന്തിന്‍റെ പാര്‍ട്ടി പ്രഖ്യാപനത്തിന് കളമൊരുങ്ങവേയാണ് പരസ്യപിന്തുണയുമായി ബിജെപി സഖ്യനീക്കങ്ങള്‍ സജീവമാക്കുന്നത്. പെരിയാര്‍ വിവാദത്തില്‍ രജനീകാന്തിനെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയനുമായി മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തി. നിലവിലെ സാഹചര്യത്തില്‍ ബിജെപിയുമായി നേരിട്ട് ബന്ധത്തിന് രജനീകാന്ത് തയ്യാറല്ല. എന്നാല്‍ ബിജെപിയുമായി ചേര്‍ന്നുള്ള രാഷ്ട്രീയ ലൈന്‍ മുന്നോട്ട് വയക്കുന്നു താരം. ജയലളിതയുടെ രാഷ്ട്രീയ വിടവ്  നികത്തുമെന്നാണ്  അവകാശവാദം. 

പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ, അണ്ണാഡിഎംകെയില്‍ അതൃപതി പുകയുന്ന ഒപിഎസ് പക്ഷം പിന്തുണയുമായി ഒപ്പമെത്തുമെന്നുമാണ് കണക്കുകൂട്ടല്‍. ഒപിഎസ് അടക്കമുള്ള 11എംഎല്‍എമാര്‍ക്കെതിരായ അയോഗ്യതാ കേസ് തുറുപ്പുചീട്ടമാകുമെന്നാണ് താരത്തിന്‍റെ രാഷ്ട്രീയ കേന്ദ്രങ്ങളിലെ ചര്‍ച്ച. ഇത് മുന്നില്‍കണ്ട് ഒരു മുഴം മുന്നേയെറിയുകയാണ് ബിജെപി.

തമിഴകവും അതുവഴി ദക്ഷിണേന്ത്യയുമെന്ന സ്വപ്നത്തിലെ തുറുപ്പുചീട്ടായാണ് രജനികാന്തിനെ ബിജെപി നേതൃത്വം കാണുന്നത്. ഒപിഎസ്സ് പക്ഷത്തിന് നിര്‍ണായകമായ അയോഗത്യാ കേസിലെ സുപ്രീംകോടതിവിധി സഖ്യനീക്കങ്ങളുടെ ഗതി നിര്‍ണയിക്കുമെന്നാണ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍.

സഖ്യ സന്നദ്ധത വ്യക്തമാക്കിയാൽ ഉടൻ കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടൽ ഉണ്ടാകുമെന്നും എച്ച് രാജ അറിയിച്ചു. പെരിയാർ വിവാദത്തിൽ രജനീകാന്തിനെ കടന്നാക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും എച്ച് രാജ പറഞ്ഞു. മുഖ്യമന്ത്രിയാകുകയെന്നത് സ്റ്റാലിന്‍റെ നടക്കാത്ത സ്വപ്നമാണെന്നും 2021ൽ തമിഴ്നാട്ടിൽ എൻഡിഎ സഖ്യം ഭരണ തുടർച്ച നേടുമെന്നും എച്ച് രാജ അവകാശപ്പെട്ടു. 

അന്ധവിശ്വാസങ്ങൾക്ക് എതിരെ 1971 ൽ പെരിയാർ നടത്തിയ റാലിയിൽ ശ്രീരാമന്റെയും സീതയുടേയും നഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ചെന്നായിരുന്നു രജനീകാന്തിന്റെ വിവാദ പ്രസ്താവന. ''1971-ൽ സേലത്ത് അന്ധവിശ്വാസങ്ങൾക്ക് എതിരെ പെരിയാർ ഒരു റാലി നടത്തി. അതിൽ രാമന്‍റെയും സീതയുടെയും നഗ്നചിത്രങ്ങളിൽ ചെരുപ്പുമാല ചാർത്തിയുള്ള ചിത്രങ്ങളുമുണ്ടായിരുന്നു. അത്തരമൊരു വാർത്ത അന്ന് ഒരു വാർത്താമാധ്യമവും പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. എന്നാൽ ചോ അതിനെ വിമർശിച്ച് മാസികയിലെഴുതി''.

രാഷ്ട്രീയ വിമർശകനും, ആർഎസ്എസ് - സംഘപരിവാർ അനുഭാവിയുമായിരുന്ന ചോ രാമസ്വാമി എഡിറ്ററായിരുന്ന 'തുഗ്ലക്ക്' മാസികയുടെ അമ്പതാം വാർഷികാഘോഷ ചടങ്ങിലാണ് രജനീകാന്ത് ചോ രാമസ്വാമിയെ പുകഴ്ത്തുന്നതിനൊപ്പം, പെരിയാറിനെതിരെ വിമർശനമുന്നയിച്ചത്. അന്നത്തെ പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് പ്രസ്താവനയെന്നും, പ്രതികരണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നുമായിരുന്നു പ്രസ്താവന വിവാദമായപ്പോൾ രജനീകാന്തിന്റെ പ്രതികരണം. 

പ്രസ്താവന തമിഴ്‍നാട്ടിലിന്ന് വലിയ രാഷ്ട്രീയവിവാദമാണ്. ദ്രാവിഡർ വിടുതലൈ കഴകം എന്ന, പെരിയാർ രൂപം നൽകിയ പാർട്ടി ഇപ്പോഴും നിലവിലുണ്ട്. രജനീകാന്ത് തുറന്ന വേദിയിൽ മാപ്പ് പറയണമെന്നാണ് ദ്രാവിഡർ കഴകം ആവശ്യപ്പെട്ടത്. രജനീകാന്ത് ഇത് തള്ളി.

Read More: മാപ്പ് പറയില്ല, പെരിയാറിനെക്കുറിച്ചുള്ള പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി രജനീകാന്ത്

നടൻ മാപ്പ് പറയണമെന്ന ആവശ്യവുമായി എല്ലാ മുഖ്യധാരാ പ്രതിപക്ഷപാർട്ടികളും രംഗത്തെത്തിയെങ്കിലും രജനീകാന്തിനെ പിന്തുണയ്ക്കുകയാണ് ബിജെപി. രജനീകാന്തിന് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.  

Read More: പെരിയാർ വിവാദം: രജനീകാന്തിനെ പിന്തുണച്ച് ബിജെപി

രജനീകാന്തിനെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ''എന്‍റെ സുഹൃത്തായ രജനീകാന്ത് രാഷ്ട്രീയക്കാരനല്ല, നടൻ മാത്രമാണ്. പെരിയാറിനെക്കുറിച്ചൊക്കെ സംസാരിക്കുമ്പോൾ ഒന്ന് ചിന്തിക്കണം. എന്നിട്ട് വേണം വിമർശനം. ഇതെന്‍റെ അപേക്ഷയാണ്'', എന്നായിരുന്നു സ്റ്റാലിന്‍റെ പ്രതികരണം.  

Read More: 'ചിന്തിക്കണം, എന്നിട്ട് സംസാരിക്കൂ', പെരിയാറിനെ വിമർശിച്ച രജനീകാന്തിനെതിരെ സ്റ്റാലിൻ

Follow Us:
Download App:
  • android
  • ios