ലഖ്നൗ: ഫ്ലാറ്റില്‍ കാമുകിക്കൊപ്പം താമസിച്ച ബിജെപി നേതാവിനെ ഭാര്യ 'കയ്യോടെ പിടികൂടി'. ഭാര്യയും കാമുകിയും തമ്മിലുണ്ടായ അടിപിടിയില്‍ ഭാര്യയ്ക്ക് നിസാര പരിക്കേറ്റു. ലഖ്നൗവിലാണ് സംഭവം. ബിജെപി കിസാന്‍ മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് അംഗമായ ശ്രീകാന്ത് ത്യാഗിയെയും കാമുകി മാണ്ഡവി സിങിനെയുമാണ് ഭാര്യ അനു ഫ്ലാറ്റില്‍ നിന്ന് പിടികൂടിയത്. 

ലഖ്നൗ ഗോമതി നഗറിലെ ഗ്രീന്‍വുഡ്സ് അപ്പാര്‍ട്ട്മെന്‍റില്‍ ശ്രീകാന്ത് ത്യാഗിയും കാമുകിയും വാടകയ്ക്ക് താമസിക്കുന്ന വിവരമറിഞ്ഞ ഭാര്യ അനു അവിടേക്ക് എത്തുകയായിരുന്നു. ഫ്ലാറ്റിലെത്തിയ അനുവും മാണ്ഡവി സിങും തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയില്‍ കലാശിച്ചു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് മാണ്‍വി സിങിനെതിരെ അനുവും അനുവിനെതിരെ മാണ്ഡവി സിങും പൊലീസില്‍ പരാതി നല്‍കിയതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. 

അടിപിടിയില്‍ അനുവിന് നിസ്സാര പരിക്കേറ്റെന്ന് ഇവരുടെ മക്കള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ ബിജെപി തയ്യാറായില്ല.