കൊൽക്കത്ത: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവർക്കെതിരെ ആരോപണവുമായി പശ്ചിമബംഗാള്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടി സായന്തൻ ബസു. പ്രതിഷേധിക്കുന്ന ബുദ്ധി ജീവികളെ നായയെന്ന് വിളിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് കുരങ്ങനെന്ന് വിളിക്കാമെന്ന് സായന്തൻ ബസു അഭിപ്രായപ്പെട്ടു. പൗരത്വ നിയമത്തിനെതിരായി പ്രതിഷേധിക്കുന്നവര്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് 500 രൂപ വീതം നല്‍കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

“നിങ്ങൾക്ക് (ബുദ്ധി ജീവികളെ) നായ്ക്കൾ എന്ന് വിളിക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, അവരെ കുരങ്ങുകൾ എന്ന് വിളിക്കാം. അവരെ കുരങ്ങന്മാരായി പരിഗണിക്കുക. ഈ നിയമം (സി‌എ‌എ) സാധാരണക്കാർക്കുള്ളതാണ്. സാധാരണ ആളുകൾ ഉള്ള സ്ഥലങ്ങൾ ഞങ്ങൾ സന്ദർശിക്കും (സി‌എ‌എ അനുകൂല റാലികളിൽ). നായ്ക്കളും കുരങ്ങുകളും നിറഞ്ഞ സ്ഥലങ്ങൾ സന്ദർശിക്കുന്നതിൽ അർത്ഥമില്ല“-സായന്തൻ ബസു പറഞ്ഞു. ഇപ്പോള്‍ പ്രതിഷേധങ്ങള്‍ അടങ്ങിയിരിക്കുന്നതിന് കാരണം അവര്‍ക്ക് 500 രൂപ വീതം കിട്ടാത്തതിനാലാണെന്നും ബസു ആരോപിച്ചു.

Read Also: 'പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്ന പ്രമുഖര്‍ മമതാ ബാനര്‍ജിയുടെ നായ്ക്കള്‍': ബിജെപി എംപി

പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്ന പ്രമുഖര്‍ മമതാ ബാനര്‍ജിയുടെ നായ്ക്കള്‍ ആണെന്ന പ്രസ്താവനയുമായി കഴിഞ്ഞ ദിവസം ബിജെപി എംപി സൗമിത്രാ ഖാന്‍ രം​ഗത്തെത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതി എന്താണെന്ന് അറിയാന്‍ ശ്രമിക്കാതെ രാജ്യ വ്യാപകമായി പ്രതിഷേധിക്കാനാണ് പ്രമുഖര്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ പ്രതിഷേധിക്കുന്നവര്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നായ്ക്കളാണെന്നായിരുന്നു സൗമിത്രാ ഖാന്‍റെ പ്രസ്താവന. 

രാജ്യത്ത് ബോംബ് സ്ഫോടനങ്ങളും കൂട്ട ബലാത്സംഗങ്ങളും നടക്കുമ്പോള്‍ നിശബ്ദരായി ഇരിക്കുന്നവരാണ് ഈ പ്രമുഖര്‍ എന്നും സൗമിത്രാ ഖാന്‍ ആരോപിച്ചിരുന്നു. 2019 ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്ന നേതാവാണ് സൗമിത്രാ ഖാന്‍.