ഹരാലയെ ഭാര്യയുടെ മുന്നില്‍ വച്ചാണ് വെടിവെച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ്  ഡോ മനോബേന്ദ്ര റോയ് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം ആരോപിച്ചു

നെയ്ഡ: പ്രാദേശിക ബിജെപി നേതാവിനെ രണ്ടംഗ സംഘം വെടിവെച്ച് കൊന്നു. ഹരാല ദേബ്നാഥ് (55) ആണ് കൊല്ലപ്പെട്ടത്. പലചരക്ക് വ്യാപാരം നടത്തുന്ന ഹരാലയെ കടയുടെ മുന്നില്‍ വച്ചാണ് ആക്രമിച്ചത്. ഹരാലയെ ഭാര്യയുടെ മുന്നില്‍ വച്ചാണ് വെടിവെച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് ഡോ മനോബേന്ദ്ര റോയ് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം ആരോപിച്ചു.

വെള്ളിയാഴ്ച തന്‍റെ കട അടച്ച ശേഷം 10 മണിയോടെ മടങ്ങാന്‍ തയാറെടുക്കുകയായിരുന്നു ഹരാല. അപ്പോഴാണ് രണ്ട് പേര്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയത്. അവര്‍ക്ക് ആവശ്യമുള്ളത് എടുത്ത കൊടുത്ത ശേഷം പുറത്ത് വന്ന ഹരാലയുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നവെന്ന് മനോബേന്ദ്ര റോയ് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹരാലയുടെ ജീവന്‍ രക്ഷിക്കാനായില്ല. വിഷയത്തില്‍ ബിജെപി പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.