കശ്മീരി പണ്ഡിറ്റുകളെ ബിജെപി രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് ജമ്മു കശ്മീരിലെ ബിജെപി നേതാവ് ജഹാൻസൈബ് സിർവാൾ ആരോപിച്ചു. കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം, സുരക്ഷ, മെച്ചപ്പെട്ട ജീവിത സാഹചര്യം എന്നിവ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

ദില്ലി: കശ്മീരി പണ്ഡിറ്റുകളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി നേതൃത്വം ഉപയോഗിക്കുന്നുവെന്ന് ജമ്മു കശ്മീരിലെ ബിജെപി നേതാവ് ജഹാൻസൈബ് സിർവാൾ. കശ്മീരി പണ്ഡിറ്റുകൾ ഏറെക്കാലമായി നേരിടുന്ന അവഗണന അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഉൾപ്പെടെ ബിജെപി നേതാക്കൾ കശ്‌മീരി പണ്ഡിറ്റുകളുടെ ക്യാംപുകൾ ഇതുവരെ സന്ദർശിച്ചില്ലെന്നത് ഖേദകരമാണ്. 500 ലധികം തവണ കശ്മീരി പണ്ഡിറ്റുകളുടെ കഷ്ടപ്പാടുകൾ ബിജെപി നേതൃത്വം പരാമർശിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികൾക്കെതിരെ അടക്കം അതുപയോഗിച്ചു. ഇനിയിത് പരിഹരിക്കാനുള്ള ശ്രമമാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവായിരുന്ന സിർവാൾ ഈ വർഷം ഏപ്രിലിലാണ് ബിജെപിയിൽ ചേർന്നത്.

'കശ്മീരി പണ്ഡിറ്റ് സമൂഹത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കണം. കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കണം. അവരുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കണം. വളരെക്കാലമായി അവർക്ക് നിഷേധിക്കപ്പെട്ട സുരക്ഷയും അവസരങ്ങളും അവർക്ക് നൽകണം. ക്യാംപുകളിൽ ദയനീയ ജീവിതം നയിക്കുകയാണ് അവർ. ശരിയായ പാർപ്പിടം, ആരോഗ്യ സംരക്ഷണം, സാമ്പത്തികവും സാമൂഹികവുമായ ഉന്നമനവും അവർ അർഹിക്കുന്നു. കശ്മീരി പണ്ഡിറ്റുകളുടെ പലായനം വെറും സാമ്പത്തിക പ്രശ്നമല്ല, മറിച്ചൊരു വലിയ മനുഷ്യ ദുരന്തമാണ്. അവരുടെ പരാതികൾ പരിഹരിക്കാനോ, പുനരധിവാസത്തിനായി പ്രവർത്തിക്കാനോ ആരും തയ്യാറായില്ല,'- അദ്ദേഹം കുറ്റപ്പെടുത്തി.

'ബിജെപിക്കൊപ്പം അടിയുറച്ച് നിൽക്കുന്നവരാണ് കശ്മീരി പണ്ഡിറ്റുകൾ. എന്നാൽ പാർട്ടി നേതൃത്വം കശ്മീരി പണ്ഡിറ്റുകളുടെ ന്യായമായ ആവശ്യങ്ങൾ അവർ അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ചിട്ടില്ല. വളരെക്കാലമായി നിശബ്ദത അനുഭവിച്ച ഒരു സമൂഹത്തിന് നീതിയും അന്തസ്സും നൽകുന്ന നിലയിലേക്ക് പാർട്ടി ഉയരുമെന്ന് താൻ പ്രതീക്ഷിക്കുന്നു,' - സിർവാൾ പറഞ്ഞു.