എംപിക്കെതിരെ വ്യാജ പ്രചാരണം നടത്തിയത് മൂലമാണ് പരാതി നൽകിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു

മധുര: സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ തമിഴ്നാട്ടിൽ ബിജെപി സംസ്ഥാന നേതാവ് അറസ്റ്റിലായതിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തി. ബിജെപി സംസ്ഥാന സെക്രട്ടറി എസ്‌ജി സൂര്യയെയാണ് തമിഴ്നാട് പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. സിപിഎം എംപിയെ വിമർശിച്ചതിനെതിരെ സിപിഎം മധുര ജില്ലാ സെക്രട്ടറിയാണ് പൊലീസിന് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്ന ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു. ബിജെപി സംസ്ഥാന നേതൃത്വം അറസ്റ്റിനെ അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരായ നടപടിയെന്ന് വിമർശിച്ചു. ശുചീകരണ തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട ട്വീറ്റിന്റെ പേരിലാണ് നടപടി. എംപിക്കെതിരെ വ്യാജ പ്രചാരണം നടത്തിയത് മൂലമാണ് പരാതി നൽകിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ വിലക്കാണ് ഇതെന്ന് ആരോപിച്ച് ബിജെപിയും രംഗത്ത് വന്നു.

ജൂൺ ഏഴിനാണ് സൂര്യ ട്വീറ്റിട്ടത്. മധുരയിൽ പെന്നാടം ടൗൺ പഞ്ചായത്തിലെ 12ാം വാർഡിൽ ശുചീകരണ തൊഴിലാളിയെ മനുഷ്യ വിസർജം നിറഞ്ഞ മാൻഹോളിലേക്ക് സിപിഎം കൗൺസിലർ നിർബന്ധിച്ച് ഇറക്കിയെന്നും തൊഴിലാളി പിന്നീട് അണുബാധയേറ്റ് മരിച്ചെന്നും ഇക്കാര്യത്തിൽ സിപിഎം എംപി വെങ്കടേശൻ മൗനം പാലിക്കുന്നുവെന്നുമാണ് ബിജെപിയുടെ വിമർശനം. ഇത് ഇരട്ടത്താപ്പെന്നും സൂര്യ ട്വീറ്റിൽ വിമർശിച്ചിരുന്നു. ഇതിനെതിരെയാണ് സിപിഎം ജില്ലാ സെക്രട്ടറി പരാതി നൽകിയത്. സൂര്യ പറഞ്ഞ പ്രദേശത്തൊന്നും സിപിഎമ്മിന് ഈ പേരിൽ കൗൺസിലർ ഇല്ലെന്നാണ് പരാതിയിൽ പറയുന്നത്. വ്യാജ ആരോപണം ഉന്നയിച്ച് സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റമാണ് സൂര്യക്കെതിരെ ചുമത്തിയിരിക്കുന്നത്. സൂര്യയുടെ അറസ്റ്റിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്.

YouTube video player