ദില്ലി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35എ വകുപ്പുകള്‍ എടുത്തുകളഞ്ഞതില്‍ സര്‍ക്കാറിനും പ്രധാനമന്ത്രി മോദിക്കും അഭിനന്ദനങ്ങളുമായി ബിജെപി നേതാക്കള്‍. 370ാം വകുപ്പ് എടുത്തുകളയണമെന്നാവശ്യപ്പെട്ട് മുമ്പ് ബിജെപി നടത്തിയ സമരത്തില്‍ മോദി പങ്കെടുത്ത ചിത്രം ട്വിറ്ററില്‍ പങ്കുവച്ചാണ് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് സന്തോഷം പ്രകടിപ്പിച്ചത്. വാഗ്ദാനം നിറവേറ്റി എന്ന കുറിപ്പോടെയാണ് റാം മാധവ് മോദിയുടെ ചിത്രം പങ്കുവച്ചത്.

എന്തൊരു വിശുദ്ധമായ ദിനം. ഏഴു പതിറ്റാണ്ടായി രാജ്യത്തിന്‍റെ ആവശ്യം നമുക്ക് മുന്നില്‍ ഇന്ന് യാഥാര്‍ഥ്യമായെന്നും റാം മാധവ് കുറിച്ചു. ശ്യാമപ്രസാദ് മുഖര്‍ജിയടക്കമുള്ള ആയിരങ്ങളുടെ ആഗ്രഹം സഫലമായെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ് എന്നിവരും അഭിനന്ദനങ്ങളുമായി രംഗത്തെത്തി.

ചരിത്രപരമായ വിഡ്ഢിത്തം മോദിയും അമിത് ഷായും തിരുത്തിയെന്ന് അരുണ്‍ ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു. രാജ്യസഭയില്‍ അമിത് ഷായുടേത് ഗംഭീര പ്രകടനമായിരുന്നെന്നും അഭിനന്ദിക്കുന്നുവെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.