പരാതി നല്‍കാന്‍ ഓഫീസിലെത്തിയ എന്‍സിപി അംഗമായ വാര്‍ഡ് മെമ്പറെ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ നരോഡ മണ്ഡ‍ലത്തിലെ ബിജെപി എംഎല്‍എ ബല്‍റാം  മര്‍ദ്ദിക്കുകയായിരുന്നു. 

അഹമ്മദാബാദ്: ജലക്ഷാമത്തിന് പരാതി പറയാനെത്തിയ വനിതാ വാര്‍ഡ് മെമ്പറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിച്ച് ബിജെപി എംഎല്‍എ ബല്‍റാം തവാനി. 22 വര്‍ഷത്തെ തന്‍റെ സജീവ രാഷ്ട്രീയ ജീവിതത്തിനിടയിലെ ആദ്യത്തെ സംഭവമാണിതെന്നും യുവതിയോട് ക്ഷമ ചോദിക്കുമെന്നും തവാനി പറഞ്ഞു. പരാതി നല്‍കാന്‍ ഓഫീസിലെത്തിയ എന്‍സിപി അംഗമായ വാര്‍ഡ് മെമ്പറെ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ നരോഡ മണ്ഡ‍ലത്തിലെ ബിജെപി എംഎല്‍എ ബല്‍റാം മര്‍ദ്ദിക്കുകയായിരുന്നു.

 എന്നാല്‍ തന്നെ ഓഫീസില്‍ കയറി മര്‍ദ്ദിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചതാണെന്നാണ് തവാനിയുടെ വാദം. കൂടാതെ യുവതിയെ മര്‍ദ്ദിച്ചത് കരുതിക്കൂട്ടിയല്ലെന്നും തെറ്റ് അംഗീകരിക്കുന്നതായും ക്ഷമ ചോദിക്കുമെന്നും തവാനി പറഞ്ഞു. ജലക്ഷാമത്തെക്കുറിച്ച് പരാതി പറായന്‍ തവാനിയുടെ ഓഫീസിലെത്തിയ തന്നെ എന്തെങ്കിലും പറയുന്നതിന് മുന്‍പ് മര്‍ദ്ദിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. 

തന്നെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ ഭര്‍ത്താവിനെ തവാനിയുടെ കൂടെയുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചതായും യുവതി ആരോപിക്കുന്നു. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച വീഡിയോയിലൂടെയാണ് മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. അടി കൊണ്ട് നിലത്ത് വീണ യുവതി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എംഎല്‍എ ഇവരെ ചവിട്ടി വീഴ്ത്തുന്നത് വീഡിയോയില്‍ കാണാം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.