ബെംഗളൂരു: ലോക്ക്ഡൗണ്‍ ലംഘിച്ച് കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ പിറന്നാള്‍ ആഘോഷം. തുംകൂരിലെ സ്വന്തം ഗ്രാമത്തിലാണ് ഗ്രാമവാസികളെയെല്ലാം വിളിച്ചുകൂട്ടി ബിജെപി എംഎല്‍എയായ മസലെ ജയറാം പാര്‍ട്ടി നടത്തിയത്. കുട്ടികളടക്കം നൂറുകണക്കിന് ഗ്രാമീണരാണ് എത്തിയത്. എത്തിയവര്‍ക്ക് ബിരിയാണിയും വിളമ്പി. എല്ലാവരും ചെറുകൂട്ടമായി ഇരുന്നാണ് ബിരിയാണി കഴിച്ചത്. പരിപാടിക്ക് എത്തിയവര്‍ മാസ്‌ക് ധരിക്കുകയോ മറ്റ് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയോ ചെയ്തില്ല. ചിലര്‍ എംഎല്‍എക്കൊപ്പം ഫോട്ടോയെടുത്തു. തുരുവക്കരെ മണ്ഡലത്തിലെ എംഎല്‍എയാണ് ജയറാം. 

പരിപാടിക്ക് ശേഷം കൊവിഡ് വ്യാപനത്തെക്കുറിച്ച് എംഎല്‍എ സംസാരിച്ചു. എങ്ങനെ കൊറോണയെ തോല്‍പ്പിക്കാമെന്നും സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യവും എംഎല്‍എ ഗ്രാമീണരോട് വിശദീകരിച്ചു. കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി സൂചനയുണ്ട്.