ജയ്പൂർ: അപ്രതീക്ഷിതമായ ഒരു പ്രതിഷേധത്തിന് സാക്ഷിയായിരിക്കുകയാണ് രാജസ്ഥാന്‍ നിയമസഭയും എംഎല്‍എമാരും. സംസ്ഥാനത്തെ ഒരു എംഎല്‍എ കുട്ട നിറയെ വെട്ടുകിളികളുമായി എത്തിയതാണ് ഏവരെയും അമ്പരപ്പിച്ചത്. ബിജെപി എംഎല്‍എയായ ബിഹാരി ലാലാണ് പ്രദേശത്തെ കര്‍ഷകര്‍ക്ക് നിത്യശല്യമായ വെട്ടുകിളികളെ നിറച്ച കുട്ടയുമായി നിയമസഭയിലെത്തിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പടിഞ്ഞാറന്‍ രാജസ്ഥാനില്‍ വെട്ടുകിളി ശല്യം മൂലം കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയിലെ കൃഷിയാണ് പ്രാണി ശല്യം മൂലം നശിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിഷേധ സൂചകമായി കുട്ട നിറയെ വെട്ടുകിളികളുമായി എംഎല്‍എ നിയമസഭയിൽ എത്തിയത്. ഈ വിഷയം ഗൗരവത്തോടെ കാണണമെന്നും പ്രാണികളുടെ ആക്രമണത്തിൽ നഷ്ടം നേരിട്ട കർഷകർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് വേഗത്തിലാക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Read Also: വെട്ടുകിളി : കൈവെള്ളയിൽ ഒതുങ്ങുന്ന കുഞ്ഞു ജീവി, തിന്നു തീർക്കുന്നത് 2500 പേർക്കുള്ള നെല്ല്

വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നും, പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിലാണ് സര്‍ക്കാരിന്റെ ശ്രദ്ധയെന്നും  ബിഹാരി ലാല്‍ കുറ്റപ്പെടുത്തി. രാജസ്ഥാനിലെ 11 ഓളം ജില്ലകളില്‍ കഴിഞ്ഞ 25 വര്‍ഷത്തോളമായി വെട്ടുകിളി ശല്യം രൂക്ഷമാണ്. 3.70 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് വെട്ടുകിളി ശല്യം തടയാനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കൃഷിനാശം മൂലം പ്രതിസന്ധിയിലായ ബാര്‍മറിലെ കര്‍ഷകരെ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് സന്ദര്‍ശിച്ചിരുന്നു. വിഷയം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു.