ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വേണ്ടി ക്ഷേത്രം പണിയുമെന്ന് ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ ഗണേഷ് ജോഷി. ‘മോദി ആരതി‘(മോദിക്കായി സമർപ്പിച്ച പ്രാർത്ഥന) പുറത്തിറക്കിയതിന് പിന്നാലെയാണ് ഗണേഷ് ജോഷിയുടെ പ്രഖ്യാപനം. ലോക്ക്ഡൗണിന് ശേഷം ‘മോദി ക്ഷേത്ര‘ത്തിന്റെ നിര്‍മ്മാണം തുടങ്ങുമെന്നും എംഎൽഎ പറഞ്ഞു. 

‘മോദി ദേശീയ നേതാവല്ല, ലോകനേതാവാണ്. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥന പുറത്തിറക്കുന്നതില്‍ അപാകതയില്ല. ഇനി ക്ഷേത്രവും പണിയും.’ ഗണേഷ് ജോഷി പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തന്റെ വീട്ടില്‍ ദൈവങ്ങളുടെ ചിത്രത്തിന് സമീപം മോദിയുടെ ചിത്രമുണ്ടെന്നും ഗണേഷ് പറഞ്ഞു. 1999 മുതല്‍ താന്‍ മോദിയുടെ ആരാധകനാണെന്നും ജോഷി കൂട്ടിച്ചേര്‍ത്തു.

തനിക്ക് മോദിയോട് സമാനതകളില്ലാത്ത ഭക്തിയുണ്ടെന്നും ഗണേഷ് ജോഷി പറഞ്ഞു. മുസ്സൂരി നിയോജക മണ്ഡലത്തിലെ നിയമസഭാംഗമാണ് ഇദ്ദേഹം. വെള്ളിയാഴ്ചയാണ്  ജോഷി  ‘മോദി ആരതി‘ പുറത്തിറക്കിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഡോ. രേണു പന്താണ് പ്രാര്‍ത്ഥനാഗീതം രചിച്ചിരിക്കുന്നത്.