Asianet News MalayalamAsianet News Malayalam

യോഗി സര്‍ക്കാരിനെതിരെ നിയമസഭയില്‍ ധര്‍ണയുമായി നൂറിലേറെ ബിജെപി എംഎല്‍എമാര്‍

ഗാസിയാബാദ് ജില്ലാ ഭരണകൂടത്തിനും പൊലീസുമെതിരായ പ്രതിഷേധവുമായായാണ് സംസാരിക്കാന്‍ ബിജെപി എംഎല്‍എ അനുമതി തേടിയത്. എന്നാല്‍ സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് സഭയ്ക്കുള്ളില്‍ ബിജെപി സര്‍ക്കാരിനെതിരെ ബിജെപി എംഎല്‍എമാര്‍ ധര്‍ണ തുടങ്ങിയത്

BJP MLAs sit on dharna inside Uttar Pradesh assembly against their own government
Author
Lucknow, First Published Dec 18, 2019, 12:45 PM IST

ലക്നൗ: ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരെ നിയമസഭയില്‍ പ്രതിഷേധവുമായി ബിജെപി എംഎല്‍എമാര്‍. സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് നിയമസഭയില്‍ ധര്‍ണയുമായി എത്തിയത് ലോനി നിയമസഭാ മണ്ഡലത്തിലെ എം എല്‍എ നന്ദ് കിഷോര്‍ ഗര്‍ജറാണ്. ഗാസിയാബാദ് ജില്ലാ ഭരണകൂടത്തിനും പൊലീസുമെതിരായ പ്രതിഷേധവുമായായാണ് നന്ദ് കിഷോറിന്‍റെ ധര്‍ണ. നന്ദ് കിഷോര്‍ ഗര്‍ജറിന് സംസാരിക്കാന്‍ അനുമതി നല്‍കണമെന്ന് സമാജ്‍വാദി പാര്‍ട്ടി എംഎല്‍എയും പ്രതിപക്ഷ നേതാവുമായ റാം ഗോവിന്ദ് ചൗധരി ആവശ്യപ്പെട്ടു. എന്നാല്‍ സഭയില്‍ പ്രതിഷേധവുമായി സംസാരിക്കാന്‍ സ്പീക്കര്‍ നന്ദ് കിഷോറിന് അനുമതി നല്‍കിയില്ല. 

സംസാരിക്കാന്‍ അനുമതി ലഭിക്കാതെ വന്നതോടെയാണ് എംഎല്‍എ സഭയില്‍ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചത്. ഇതോടെ മറ്റ് ബിജെപി എംഎല്‍എമാരും നന്ദ് കിഷോറിനൊപ്പം ചേര്‍ന്നു. സഭയിലുണ്ടായിരുന്ന കോണ്‍ഗ്രസ്, സമാജ്‍വാദി പാര്‍ട്ടി അംഗങ്ങളും നന്ദ് കിഷോറിന് പിന്തുണ പ്രഖ്യാപിച്ച് ധര്‍ണയില്‍ അണി നിരന്നു. 

പാര്‍ട്ടി നിര്‍ദേശം മറികടന്ന് ഏതാണ്ട് 100 എംഎല്‍എമാരാണ്  മൂന്നുമണിക്കൂറോളം സഭയില്‍ ധര്‍ണ നടത്തിയത്. ശേഷം സഭ പിരിയുകയും ചെയ്തു. സമരം ചെയ്യുന്ന എംഎല്‍എ മാരെ മയപ്പെടുത്താനുള്ള ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയുടെ ശ്രമങ്ങളും ഫലം കണ്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ട്ടി നിര്‍ദേശങ്ങള്‍ മറികടന്ന് നന്ദ് കിഷോറും എംഎല്‍ൺമാരും സ്പീക്കറിനെ കാണുകയും ചെയ്തു. 

നന്ദ് കിഷോറിനേയും കുടുംബത്തേയും അപമാനിച്ച ഗാസിയാബാദ് ജില്ലാ ഭരണകൂടത്തിലെ ഉദ്യേഗസ്ഥരെ സഭയില്‍ വിളിച്ച് അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം. ആവശ്യം അംഗീകരിക്കാമെന്ന സ്പീക്കറുടെ ഉറപ്പിന് പിന്നാലെയാണ് എംഎല്‍എ മാര്‍ ധര്‍ണയില്‍ നിന്ന് പിന്മാറിയത്. ഗാസിയാബാദ് ജില്ലാഭരണകൂടവും പൊലീസും നന്ദ് കിഷോറിനെ കയ്യേറ്റം ചെയ്തെന്നും പിതാവിനെ ആക്രമിച്ചെന്നുമാണ് എംഎല്‍എയുടെ ആരോപണം. വീടിനും സ്വത്തിനും പൊലീസുകാര്‍ നാശം വരുത്തിയിട്ടുണ്ടെന്നും എംഎല്‍എ ആരോപിക്കുന്നു. 

ഭരണകക്ഷി എംഎല്‍എമാര്‍തന്നെ സര്‍ക്കാരിനെതിരെ രംഗത്ത് വരുന്നത് യോഗി സര്‍ക്കാരിലുള്ള വിശ്വാസക്കുറവാണെന്ന് മുതിര്‍ന്ന സമാജ്‍വാദി പാര്‍ട്ടി നേതാവ് റാം ഗോവിന്ദ് ചൗധരി പറഞ്ഞു. എന്നാല്‍ ധര്‍ണ ബിജെപി എംഎല്‍എ മാര്‍ പദ്ധതി തയ്യാറാക്കി ചെയ്തതാണെന്നും പ്രതിപക്ഷത്തിന്‍റെ ആരോപണം തെറഅറാണെന്നും മന്ത്രി സുരേഷ് കൃഷ്ണ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നന്ദ് കിഷോറും അനുയായികളും ഫുഡ് സേഫ്റ്റി ഇന്‍സ്‍പെക്ടറെ മര്‍ദ്ദിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അനുയായികളില്‍ ഒരാളെ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരായ കേസ് രാഷ്ട്രീയ ഗൂഡാലോചനയാണെന്നാണ് നന്ദ് കിഷോര്‍ വിശദമാക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios