നുസ്‌റത്ത് ജഹാന്റെ പരാമര്‍ശത്തിനെതിരെ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ രംഗത്തെത്തി. മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രീണന രാഷ്ട്രീയമാണ് നടത്തുന്നതെന്ന് മാളവ്യ ആരോപിച്ചു. 

കൊല്‍ക്കത്ത: കൊറോണ വൈറസിനേക്കാള്‍ അപകടകാരിയാണ് ബിജെപിയെന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്‌റത്ത് ജഹാന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്ത്. രക്തദാന ചടങ്ങിലാണ് നുസ്‌റത്ത് ബിജെപിക്കെതിരെ പരമാര്‍ശമുന്നയിച്ചത്. 'നിങ്ങള്‍ കണ്ണുകളും കാതുകളും തുറന്ന് വെക്കണം. നിങ്ങള്‍ക്ക് ചുറ്റുമുള്ള ചിലര്‍ കൊറോണയെക്കാളും അപകടകാരിയാണ്. അതാരാണെന്ന് നിങ്ങള്‍ക്കറിയാമോ. അത് ബിജെപിയാണ്. അവര്‍ക്ക് മനുഷ്യത്വം മനസ്സിലാകില്ല. അവര്‍ക്ക് നമ്മുടെ സംസ്‌കാരമറിയില്ല. കഷ്ടപ്പാടിന്റെ മഹത്വവും അവര്‍ക്കറിയില്ല. അവര്‍ക്ക് ഒരുപാട് പണമുണ്ട്. ബിസിനസ് മാത്രമാണ് അവര്‍ക്ക് അറിയുന്നത്. മതത്തിന്റെ പേരില്‍ ജനത്തെ തമ്മിലടിപ്പിച്ച് കലാപമുണ്ടാക്കുകയാണ് ബിജെപി''-നുസ്രത്ത് ജഹാന്‍ ബാഷിര്‍ഹത് മണ്ഡലത്തില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു.

നുസ്‌റത്ത് ജഹാന്റെ പരാമര്‍ശത്തിനെതിരെ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ രംഗത്തെത്തി. മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രീണന രാഷ്ട്രീയമാണ് നടത്തുന്നതെന്ന് മാളവ്യ ആരോപിച്ചു. കൊവിഡ് വാക്‌സീനുമായെത്തിയ വാഹനം മന്ത്രിയായ സിദിഖുല്ല ചൗധരി തടഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഒരു എംപി കൊറോണയെ ബിജെപിയുമായി താരതമ്യപ്പെടുത്തുന്നു. എന്നിട്ടും മമതാ ബാനര്‍ജി മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് കൊല്‍ക്കത്തയില്‍ നിന്ന് ബങ്കുരയിലേക്ക് പുറപ്പെട്ട വാക്‌സീന്‍ ട്രക്കുകള്‍ ബര്‍ദ്വാനില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടത്. മന്ത്രി സിദിഖുല്‍ ചൗധരിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിനെ തുടര്‍ന്നാണ് ഗതാഗതക്കുരുക്കുണ്ടായത്. പ്രതിഷേധം പൊലീസിനെ അറിയിച്ചിരുന്നെന്നും വാക്‌സീന്‍ അതുവഴി കൊണ്ടുവരുന്നത് അറിഞ്ഞിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.