പാറ്റ്ന: പ്രളയത്തില്‍ മുങ്ങിയ ബിഹാറിന്‍റെ വിവിധ പ്രദേശങ്ങള്‍ സന്ദരി‍ശിക്കാനെത്തിയ ബിജെപി എംപി റാം ക്രിപാല്‍ യാദവ് നദിയില്‍ വീണു. വള്ളം മറിഞ്ഞാണ് എംപി നദിയിലേക്ക് വീണത്. പ്രദേശവാസികള്‍ നദിയിലേക്ക് എടുത്തുചാടിയാണ് എംപിയെ രക്ഷിച്ചത്. പാറ്റ്നയിലെ ഉള്‍ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ക്യാമറയില്‍ പതിഞ്ഞ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

പാടലിപുത്രയിലെ എംപിയാണ് ക്രിപാല്‍ യാദവ്. ധനറുവ ഗ്രാമത്തില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. മുളകൊണ്ടും ടയറുകള്‍കൊണ്ടുമുണ്ടാക്കിയ ചങ്ങാടത്തിലാണ് എംപി യാത്രചെയ്തിരുന്നത്. രക്ഷപ്പെടുത്തിയതിന് ശേഷം പ്രദേശവാസികള്‍ അവരുടെ ടവ്വല്‍ എംപിക്ക് നല്‍കി. 

''സര്‍ക്കാര്‍ പാറ്റ്നയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഉള്‍ഗ്രാമങ്ങള്‍ ദുരിതത്തിലാണ്. ഇത് അവര്‍ അറിയുന്നില്ല. ഭക്ഷണം കിട്ടാതെ മൃഗങ്ങള്‍ ചാവുകയാണ്. എനിക്ക് ഒരു ബോട്ടുപോലും കിട്ടിയില്ല. അവസാനം ചങ്ങാടത്തില്‍ പോകേണ്ടി വന്നു'' - ക്രിപാല്‍ യാദവ് പറഞ്ഞു. 

ആര്‍ജെഡ‍ി നേതാവ് ലലു പ്രസാദ് യാദവിന്‍റെ മകള്‍ മിര്‍സാ ഭാരതിയെ പരാജയപ്പെടുത്തിയാണ് 2014ല്‍ ക്രിപാല്‍ യാദവ് പാടലപുത്രയില്‍ വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ക്രിപാല്‍ മണ്ഡലം നിലനിര്‍ത്തി.