Asianet News MalayalamAsianet News Malayalam

ഗോഡ്സേയെ പുകഴ്ത്തുന്നവര്‍ രാജ്യത്തെ അപമാനിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി വരുണ്‍ ഗാന്ധി

ഗോഡ്സേയ്ക്ക് ജയ് വിളിക്കുന്നവര്‍ രാജ്യത്തെ ലജ്ജിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ഭ്രാന്തന്‍ സ്വഭാവമുള്ളവരെ പൊതുധാരയിലേക്ക് എത്താന്‍ അനുവദിക്കരുതെന്നും ബിജെപി എംപി

BJP MP Varun Gandhi against those who hailing Nathuram Godse
Author
New Delhi, First Published Oct 3, 2021, 10:30 AM IST

മഹാത്മാ ഗാന്ധിയുടെ(Mahatma Gandhi) ഘാതകന്‍ നാഥുറാം ഗോഡ്സേയെ(Nathuram Godse) പുകഴ്ത്തുന്നവര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി എം പി വരുണ്‍ ഗാന്ധി (Varun Gandhi). രാജ്യത്തിനെയാണ് ഇത്തരക്കാര്‍ അപമാനിക്കുന്നത്. ഇവര്‍ ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെടുന്നു. ആത്മീയതലത്തില്‍ ഇന്ത്യ ഒരു സൂപ്പര്‍ പവര്‍ തന്നെയാണ്. നമ്മുടെ രാഷ്ട്രത്തിന്റെ ആത്മീയ അടിത്തറ വ്യക്തമാക്കിയത് മഹാത്മാ ഗാന്ധിയാണ്. ഇന്നും ഒരു വലിയ ശക്തിയായി അത് നമ്മുക്കൊപ്പം തുടരുകയുമാണ്.

ഗോഡ്സേയ്ക്ക് ജയ് വിളിക്കുന്നവര്‍ രാജ്യത്തെ ലജ്ജിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ഭ്രാന്തന്‍ സ്വഭാവമുള്ളവരെ പൊതുധാരയിലേക്ക് എത്താന്‍ അനുവദിക്കരുതെന്നും ബിജെപി എംപി ആവശ്യപ്പെട്ടു. അന്താരാഷ്ട്രതലത്തില്‍ മഹാത്മാ ഗാന്ധിയുടെ ആശയങ്ങളെ പ്രതിയാണ് ഇന്ത്യ ആദരിക്കപ്പെടുന്നത്. ഗാന്ധി ജയന്തി ദിനത്തില്‍ ഗോഡ്സേ സിന്ദാബാദ് എന്ന ട്വീറ്റ് ഏറെ വൈറലായതിന് പിന്നാലെയാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം.

ആദരസ്മരണകൾക്കിടയിലും, നമ്മുടെ രാഷ്ട്രപിതാവിനെ അദ്ദേഹത്തിന്റെ ജയന്തിദിവസം തന്നെ ദുഷിക്കാനും ഗാന്ധി ഘാതകനായ ഗോഡ്സെക്ക് നന്ദി പറയാനും സിന്ദാബാദ് വിളിക്കാനും ഉത്സാഹിക്കുന്ന മറ്റു ചില കൂട്ടരും നമുക്കിടയിൽ തന്നെയുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ട്വിറ്ററിലെ ഇന്നലത്തെ ട്രന്‍ഡിംഗായ ഹാഷ്ടാഗ്. #नाथूराम_गोडसे_जिंदाबाद എന്നത് ഇന്നലെ ട്വിറ്ററിൽ ട്രെൻഡ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഹാഷ്ടാഗ് ആയിരുന്നു. എല്ലാവർഷവും രണ്ടു ദിവസങ്ങളിൽ, ഒക്ടോബർ രണ്ടിനും ജനുവരി മുപ്പതിനും ഇത് പതിവാണ്.

ഗാന്ധി ജയന്തി ദിനത്തിൽ 'നാഥുറാം ഗോഡ്‌സെ സിന്ദാബാദ്' ട്രെൻഡ് ചെയ്യിക്കുന്ന കൂട്ടർ ആരാണ്?

ഈ ദിവസങ്ങളില്‍ ഇക്കൂട്ടർ മറക്കാതെ സടകുടഞ്ഞെഴുനേൽക്കും. പിന്നീടങ്ങോട്ട് ഗാന്ധിജിയെ അപഹസിച്ചു കൊണ്ടും ഗോഡ്‌സെയെ വാനോളം പുകഴ്ത്തിക്കൊണ്ടും ഗാന്ധിജിയെ ഇല്ലാതാക്കിയതിന് ഗോഡ്സെക്ക് നന്ദി പറഞ്ഞുകൊണ്ടുമുള്ള പോസ്റ്റുകളുടെ പെരുമഴയാണ്. ഇങ്ങനെയൊക്കെ ചെയ്യാൻ ഇവർക്കാർക്കും തരിമ്പും ഭയമില്ല എന്നതാണ് രസകരമായ ഒരു വസ്തുത. ഇങ്ങനെയൊക്കെ ചെയ്താലും ഇവർക്കെതിരെ ഒരു നടപടിയും ഉണ്ടാവാറില്ല എന്നതും ശ്രദ്ധേയമാണ്. ഈ പശ്ചാത്തലത്തിലാണ് ബിജെപി എം പി വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം ചര്‍ച്ചയാവുന്നത്. 

Follow Us:
Download App:
  • android
  • ios