തൊഴിലിനെക്കുറിച്ചുള്ള എന്റെ ചോദ്യങ്ങൾ ഒവൈസി തന്റെ പ്രസംഗത്തിൽ പരാമർശിച്ചതിൽ ഞാൻ നന്ദിയുള്ളവനാണെന്നും വരുൺ ഗാന്ധി പറഞ്ഞു. ഒവൈസിയുടെ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പും അദ്ദേഹം പങ്കുവെച്ചു.
ദില്ലി: രാജ്യത്തെ ഒഴിവുകൾ ചൂണ്ടിക്കാട്ടിയ എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസിക്ക് നന്ദി പറഞ്ഞ് ബിജെപി എംപി വരുൺ ഗാന്ധി. തൊഴിലില്ലായ്മ റെക്കോർഡ് ഉയർന്ന നിലയിലാണെങ്കിലും 60 ലക്ഷത്തിലധികം കേന്ദ്ര-സംസ്ഥാന സർക്കാർ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് അസദുദ്ദീൻ ഒവൈസി വെളിപ്പെടുത്തിയത്. ഒഴിവുള്ള തസ്തികകളുടെ എണ്ണം വകുപ്പ് തിരിച്ചടക്കം വിശദീകരിച്ചാണ് ഒവൈസി വെളിപ്പെടുത്തിയത്. ഇത് തന്റെ ഡാറ്റയല്ലെന്നും ബിജെപി എംപി വരുൺ ഗാന്ധി നൽകിയതാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലില്ലായ്മയാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം, രാജ്യത്തെ മുഴുവൻ നേതാക്കളും ഈ വിഷയത്തിലേക്ക് സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കണം. തൊഴിലില്ലാത്ത യുവാക്കൾക്ക് നീതി ലഭിക്കണം, എങ്കിൽ മാത്രമേ രാജ്യം ശക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.
പിന്നാലെ ഒവൈസിക്ക് നന്ദിയറിയിച്ച് വരുൺ ഗാന്ധി രംഗത്തെത്തി. തൊഴിലിനെക്കുറിച്ചുള്ള എന്റെ ചോദ്യങ്ങൾ ഒവൈസി തന്റെ പ്രസംഗത്തിൽ പരാമർശിച്ചതിൽ ഞാൻ നന്ദിയുള്ളവനാണെന്നും വരുൺ ഗാന്ധി പറഞ്ഞു. ഒവൈസിയുടെ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പും അദ്ദേഹം പങ്കുവെച്ചു. മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഒഴിവുള്ള തസ്തികകളുടെ വിവരങ്ങളടങ്ങിയ ഗ്രാഫിക് വരുൺ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
തൊഴിലില്ലായ്മ 3 പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തുമ്പോൾ ഈ സ്ഥിതിവിവരക്കണക്കുകൾ ഞെട്ടിക്കുന്നതാണ്. കോടിക്കണക്കിന് യുവാക്കൾ ജോലി ലഭിക്കാതെ നിരാശയിൽ കഴിയുമ്പോൾ തന്നെ സർക്കാർ കണക്കുകൾ പ്രകാരം രാജ്യത്ത് 60 ലക്ഷം തസ്തികകൾ' ഒഴിഞ്ഞുകിടക്കുകയാണെന്നും വരുൺ ഗാന്ധി പറഞ്ഞു. ഈ തസ്തികകൾക്കായി ബജറ്റിൽ വകയിരുത്തിയ തുക എവിടെപ്പോയെന്ന് അറിയാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി ബിജെപി സർക്കാറിന് എതിരായ നിലപാട് സ്വീകരിക്കുന്ന പാർട്ടി എംപിയാണ് വരുൺ ഗാന്ധി. കാർഷിക നിയമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വരുൺ ഗാന്ധി, ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടുനിന്നിരുന്നു.
