ഭോപ്പാല്‍: ജോതിരാദിത്യ സിന്ധ്യക്കൊപ്പം സെല്‍ഫിയെടുത്തതിന്‍റെ പേരില്‍ പരിഹസിക്കപ്പെട്ട ഗുണ എം പിയുടെ മോദിക്കൊപ്പമുള്ള സെല്‍ഫി വൈറല്‍. കൃഷ്ണപാല്‍ യാദവാണ് പ്രധാനമന്ത്രിക്കൊപ്പം സെല്‍ഫിയെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. 

ഒരു കാലത്ത് കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് കൃഷ്ണപാല്‍ യാദവ്. എന്നാല്‍  മുംഗോളി മണ്ഡലത്തില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് യാദവ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുണ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കൃഷ്ണപാല്‍ യാദവിന്‍റെ എതിരാളിയും ജ്യോതിരാദിത്യ സിന്ധ്യ തന്നെയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി കൃഷ്ണപാല്‍ യാദവിന്‍റെ പേര് പ്രഖ്യാപിച്ചപ്പോള്‍ സിന്ധ്യയുടെ ഭാര്യ പണ്ട് യാദവ് സിന്ധ്യയോടൊപ്പം എടുക്കാന്‍ ശ്രമിച്ച സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. സിന്ധ്യയോടൊപ്പമുള്ള സെല്‍ഫിക്ക് വേണ്ടി ക്യൂ നിന്നയാളാണ് ഇപ്പോഴത്തെ ബിജെപി സ്ഥാനാര്‍ത്ഥി എന്ന് അവര്‍ കൃഷ്ണപാല്‍ യാദവിനെ പരിഹസിച്ചു. ഇതോടെ യാദവിന്‍റെ സെല്‍ഫിയെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളും കണക്കിന് പരിഹസിച്ചു. 

എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഒന്നര ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് സിന്ധ്യയെ കൃഷണപാല്‍ യാദവ് തോല്‍പ്പിച്ചത്.  തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം യാദവ് മോദിക്കൊപ്പമെടുത്ത സെല്‍ഫിയാണ്  ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.