1984-ലെ സിഖ് വിരുദ്ധ കലാപക്കേസിലെ കുറ്റവാളിയായ സജ്ജൻ കുമാറിന്റെ വസതി സന്ദർശിച്ച മൂന്ന് ബി.ജെ.പി എം.പിമാരുടെ നടപടി വലിയ വിവാദമായി. സംഭവം രാഷ്ട്രീയ തിരിച്ചടിയായതോടെ ബി.ജെ.പി നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. വിഷയം ബി.ജെ.പിക്കെതിരെ ആയുധമാക്കി ആം ആദ്മി പാർട്ടി രംഗത്തെത്തിയിട്ടുണ്ട്.
ദില്ലി: : അന്തരിച്ച കോൺഗ്രസ് നേതാവും 1984-ലെ സിഖ് വിരുദ്ധ കലാപക്കേസിലെ കുറ്റവാളിയുമായ സജ്ജൻ കുമാറിന്റെ വസതി സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തിയ മൂന്ന് ബി.ജെ.പി എം.പിമാരുടെ നടപടി വൻ വിവാദത്തിലേക്ക്. എം.പിമാരായ രാംവീർ സിങ് ബിധൂരി, യോഗേന്ദ്ര ചന്ദോളിയ, കമൽജീത് സെഹ്‌റാവത് എന്നിവരാണ് സജ്ജൻ കുമാറിന്റെ കുടുംബത്തെ സന്ദർശിച്ചത്. സംഭവം വിവാദമായതോടെ ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ മൂന്ന് എം.പിമാരെയും നേരിട്ട് വിളിച്ചുവരുത്തി രൂക്ഷമായ അതൃപ്തി രേഖപ്പെടുത്തി.
എം.പിമാർ സജ്ജൻ കുമാറിന്റെ വീട് സന്ദർശിച്ചത് പാർട്ടിയുടെ അറിവോടെയോ പ്രതിനിധികളായോ അല്ലെന്നും പൂർണ്ണമായും അവരുടെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നുമാണ് ബി.ജെ.പി നൽകുന്ന ഔദ്യോഗിക വിശദീകരണം. വിഷയം ബി.ജെ.പിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
അതേസമയം, വിഷയം ബി.ജെ.പിക്കെതിരെ വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ് ആം ആദ്മി പാർട്ടി (ആപ്). പഞ്ചാബിൽ ബി.ജെ.പിയുടെ സിഖ് വിരുദ്ധ സമീപനമാണ് ഇതിലൂടെ പുറത്തുവന്നതെന്ന് ആരോപിച്ച് ആപ് വലിയ രീതിയിലുള്ള പ്രചാരണമാണ് നടത്തുന്നത്. സിഖ് വംശഹത്യ കേസിൽ ശിക്ഷ അനുഭവച്ച വ്യക്തിയുടെ വസതിയിൽ ബി.ജെ.പി നേതാക്കൾ എത്തി ആദരവർപ്പിച്ചത് വഞ്ചനയാണെന്ന് ആപ് ആരോപിച്ചു.


