Asianet News MalayalamAsianet News Malayalam

ദില്ലിയിൽ ഷഹീൻ ബാഗിനെ ആയുധമാക്കാൻ ലക്ഷ്യമിട്ട് അമിത് ഷാ, തിരിച്ചടിച്ച് കെജ്‍രിവാൾ

നൂറുകണക്കിന് സ്ത്രീകളും കുട്ടികളും സമാധാനപരമായി ദില്ലിയിലെ ശൈത്യത്തിൽ തണുത്തുറഞ്ഞ് കിടന്ന് സമരം ചെയ്ത ഷഹീൻ ബാഗിനെ ഷർജീൽ ഇമാമിന്‍റെ പ്രസംഗം മുൻനിർത്തി ആക്രമിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കെജ്‍രിവാൾ ഇതിന് തിരിച്ചടിക്കുന്നതെങ്ങനെ?

bjp plans to turn shaheen bagh protest a weapon in delhi polls kejriwal replies
Author
New Delhi, First Published Jan 27, 2020, 8:45 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: പൗരത്വപ്രക്ഷോഭം രാജ്യമെമ്പാടും കത്തുമ്പോൾ, ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയേൽക്കുമെന്ന ഭയത്തിലാണ് ബിജെപി. ഒരു വശത്ത് കെജ്‍രിവാളിന്‍റെ വികസന പ്രതിച്ഛായ, മറുവശത്ത് ദില്ലിയിൽ സജീവമായ പൗരത്വ പ്രക്ഷോഭങ്ങൾ. ഇതിനെ നേരിടാൻ എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുമ്പോഴാണ് ഷഹീൻ ബാഗിലെ പ്രതിഷേധസമരങ്ങൾക്കിടയിൽ നടന്ന ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിന്‍റെ പ്രകോപനപരമായ പ്രസംഗം ബിജെപിക്ക് കച്ചിത്തുരുമ്പാകുന്നത്. ഇതിനെ മുൻനിർത്തി ഷഹീൻ ബാഗിൽ നടക്കുന്നത് രാജ്യവിരുദ്ധസമരമാണെന്ന് പ്രഖ്യാപിച്ച്, അതിനെ ആം ആദ്മി പാർട്ടിക്ക് എതിരായ രാഷ്ട്രീയായുധമാക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അമിത് ഷായ്ക്കാണ് ദില്ലിയിലെ പ്രചാരണത്തിന്‍റെ ചുമതല.

നൂറുകണക്കിന് സ്ത്രീകളും കുട്ടികളും സമാധാനപരമായി ദില്ലിയിലെ ശൈത്യത്തിൽ തണുത്തുറഞ്ഞ് കിടന്ന് സമരം ചെയ്ത ഷഹീൻ ബാഗിനെ ഷർജീൽ ഇമാമിന്‍റെ പ്രസംഗം, പെട്ടെന്നാണ് മറ്റൊരു തലത്തിലേക്ക് വഴി മാറ്റിയത്. അതല്ലെങ്കിൽ ബിജെപിയുടെയും സംഘപരിവാറിന്‍റെയും സാമൂഹ്യമാധ്യമങ്ങളിലെയും ഹാൻഡിലുകൾ രാജ്യവിരുദ്ധ സമരമാക്കി മാറ്റിയത്. ഷർജീൽ ഇമാം സമരത്തിന്‍റെ സംഘാടകനാണെന്ന തരത്തിൽ ഹിന്ദി ചാനലുകളും ചില ഇംഗ്ലീഷ് വാർത്താ ചാനലുകളും തുടർച്ചയായി വാർത്തകൾ നൽകി. എന്നാൽ ഷഹീൻ ബാഗിലെ സമരസമിതി തന്നെ, ട്വിറ്ററിലൂടെ ഷർജീൽ ഇമാം സമരത്തിന്‍റെ സംഘാടകൻ അല്ലെന്നും, സ്ത്രീകളും കുട്ടികളുമാണ് ഈ സമരം നയിക്കുന്നതെന്നും, അല്ലാത്ത തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സമരം അട്ടിമറിക്കാൻ വേണ്ടിയുള്ളതാണെന്നും പ്രഖ്യാപിച്ചു.

ഒപ്പം ഷഹീൻ ബാഗിൽ റോഡിൽ കുത്തിയിരുന്ന് സ്ത്രീകളും കുട്ടികളും സമരം നടത്തുമ്പോൾ ദില്ലിയിൽ ഗതാഗതക്കുരുക്കുണ്ടാകുന്നുവെന്നും ബിജെപി ആരോപിക്കുന്നു. ഇതിനെ നിയന്ത്രിക്കേണ്ടത് ദില്ലി സർക്കാരാണെന്നും ബിജെപിയുടെ ആരോപണം.

'വോട്ട് ചെയ്യാൻ ബൂത്തിലെത്തുമ്പോൾ വോട്ടിംഗ് യന്ത്രത്തിൽ ശക്തിയായി ബിജെപിക്ക് വിരലമർത്തൂ, ആ കറന്‍റടിച്ച് ഷഹീൻ ബാഗിലെ സമരക്കാർ ഓടട്ടെ', എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദില്ലിയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത്. നിയമമന്ത്രി രവിശങ്കർ പ്രസാദും കെജ്‍രിവാളിനെയും രാഹുൽ ഗാന്ധിയെയും ലക്ഷ്യമിട്ടാണ് ആഞ്ഞടിക്കുന്നത്. പാക് അജണ്ടയാണ് ഷഹീൻ ബാഗിൽ നടപ്പാകുന്നതെന്നും, കെജ്‍രിവാളിന്‍റെയും രാഹുലിന്‍റെയും നിലപാടുകൾ പാകിസ്ഥാന് വളമാകുകയാണെന്നും ആരോപിക്കുന്നു.

''ദേശീയ പതാകയെ മറയാക്കി രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമമാണ് അവിടെ നടക്കുന്നത്. ടുക്ഡേ, ടുക്ഡേ ഗ്യാങ്ങുകളാണ് ഇതിന് പിന്നിൽ. ഭാരതമേ നിന്നെ വിഭജിക്കും, ഇന്‍ഷാ അളളാ, ഇൻഷാ അള്ളാ എന്ന മുദ്രാവാക്യം വിളിക്കുന്നവരാണ് ഈ ടുക്ഡേ ടുക്ഡേ ഗ്യാങ്ങുകൾ'', എന്ന് രവിശങ്കർ പ്രസാദ്. 

തിരിച്ചടിച്ച് കെജ്‍രിവാൾ

സമരത്തിന് നേരെ അനാവശ്യ ആരോപണങ്ങൾ ഉയർത്തുന്ന അമിത് ഷാ, സമരം എന്തിന് എന്നതിനെക്കുറിച്ച് മിണ്ടാത്തതെന്ത്? സമരവുമായി ഒരു ബന്ധവുമില്ലെന്ന് പറയുന്നവരെത്തന്നെ വീണ്ടും വീണ്ടും ഉയർത്തിപ്പിടിക്കുന്നത് സമരത്തിനിരിക്കുന്ന അമ്മമാരോടും സ്ത്രീകളോടും ചർച്ച നടത്താൻ ബിജെപിക്ക് ധൈര്യമില്ലാത്തതുകൊണ്ടാണെന്നും കെജ്‍രിവാൾ തിരിച്ചടിക്കുന്നു. ദില്ലി പൊലീസിന്‍റെ നിയന്ത്രണം തരൂ, രണ്ട് ദിവസത്തിനകം അവിടത്തെ ഗതാഗതപ്രശ്നം പരിഹരിച്ച് തരാമെന്നും കെജ്‍രിവാൾ ബിജെപിയെ വെല്ലുവിളിക്കുന്നു.

ഇത് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന് ആരോപിക്കുന്ന കേന്ദ്രസർക്കാർ എന്തുകൊണ്ട് അത്തരം ഒരു നിർദേശം ദില്ലി പൊലീസിന് നൽകുന്നില്ലെന്നും കെജ്‍രിവാൾ ചോദിക്കുന്നു. ദില്ലി പൊലീസ് സർക്കാരിന്‍റെ കീഴിലല്ല. അമിത് ഷായുടെ ആഭ്യന്തരമന്ത്രാലയത്തിന്‍റെ കീഴിലാണ്. ആ കഴിവ് കേട് മറച്ചുവച്ച്, ആം ആദ്മി പാർട്ടിക്ക് നേരെ ആക്രമണം നടത്തുകയാണ് ബിജെപിയെന്നും കെജ്‍രിവാളിന്‍റെ പരിഹാസം.

''അമിത്ഷാ, രവിശങ്കര്‍ പ്രസാദ്, പിയൂഷ് ഗോയല്‍ നിങ്ങള്‍ ഷഹീന്‍ബാഗില്‍ പോയി സമരക്കാരോട് സംസാരിക്കൂ. ഗതാഗത തടസ്സം നീക്കാന്‍ ഇടപെടൂ. അത് നിങ്ങൾ ചെയ്യില്ല. പൊലീസിനെക്കൊണ്ട് നിയന്ത്രണവും നടത്തില്ല. ആളുകൾ ബുദ്ധിമുട്ടട്ടെ എന്നാണ് അവരുടെ വിചാരം. അങ്ങനെയാണ് അവർ വൃത്തികെട്ട രാഷ്ട്രീയം കളിക്കുക'', എന്ന് കെജ്‍രിവാൾ. 

വെള്ളം, വൈദ്യുതി, അടിസ്ഥാനസൗകര്യ വികസനം എന്നീ കാര്യങ്ങളിൽ ആം ആദ്‍മി പാർട്ടി പരാജയമാണെന്ന തരത്തിലുള്ള പ്രചാരണം ബിജെപി തുടങ്ങിയിരുന്നു. എന്നാലിതിനെ വെള്ളത്തിന്‍റെ ബില്ലും, വൈദ്യുതിബില്ലും ഉയർത്തിക്കാട്ടിയാണ് കെജ്‍രിവാൾ നേരിടുന്നത്. അത് വേണ്ടത്ര ഫലം കണ്ടില്ലെങ്കിൽ രാജ്യസ്നേഹം കൂടി മുൻനിർത്തി, വികാരപമരമായ ഒരു പ്രചാരണത്തിനാണ് ബിജെപി ലക്ഷ്യമിടുന്നത്. 

200 എംപിമാർക്കാണ് ദില്ലിയിലെ വിവിധ ഇടങ്ങളിൽ പ്രചാരണച്ചുമതല ബിജെപി നൽകിയിരിക്കുന്നത്. 70 മണ്ഡലങ്ങളിലായി, മൂന്ന് എംപിമാർ വീതം ഓരോ മണ്ഡലങ്ങളിലും പ്രവർത്തിക്കും. അതിനെ, ജനങ്ങളിലേക്ക് ഇറങ്ങിത്തന്നെ മറുപടി നൽകുമെന്ന് കെജ്‍രിവാളും മറുപടി നൽകുന്നു. 

ഫെബ്രുവരി 8-നാണ് ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 11-നാണ് വോട്ടെണ്ണൽ.
 

Follow Us:
Download App:
  • android
  • ios