കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനാണ് ബിഹാറിലെ പ്രധാന ചുമതല. ഉത്തർ പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്കും കേന്ദ്രമന്ത്രിയും ഗുജറാത്ത് ബി ജെ പി അധ്യക്ഷനുമായ സി ആര്‍. പാട്ടീലിനും സഹചുമതലകള്‍ നല്‍കിയിട്ടുണ്ട്
ദില്ലി: ബിഹാറിലെയടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുത്ത് ഒരുക്കം തുടങ്ങി ബി ജെ പി. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനാണ് ബിഹാറിലെ പ്രധാന ചുമതല. ഉത്തർ പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്കും കേന്ദ്രമന്ത്രിയും ഗുജറാത്ത് ബി ജെ പി അധ്യക്ഷനുമായ സി ആര്‍. പാട്ടീലിനും സഹചുമതലകള്‍ നല്‍കിയിട്ടുണ്ട്. ബിഹാറിനൊപ്പം പശ്ചിമ ബംഗാൾ, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കത്തിനും ബി ജെ പി ചുമതല നൽകിയിട്ടുണ്ട്. ബംഗാളിൽ തെരഞ്ഞെടുപ്പ് ചുമതല കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനാണ് നൽകിയിരിക്കുന്നത്. ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനും സഹചുമതല നൽകിയിട്ടുണ്ട്. തമിഴ്നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പി ബൈജയന്ത് പാണ്ടെയ്ക്കാണ് ചുമതല നൽകിയിരിക്കുന്നത്. ദില്ലി തെരഞ്ഞെടുപ്പിൽ ഇൻ -ചാർജ് ആയിരുന്നു ബൈജയന്ത് പാണ്ടെ. കേന്ദ്ര സഹമന്ത്രി മുരളീധർ മോഹോളിന് കോ - ഇൻ ചാർജ് ചുമതലയും നൽകിയിട്ടുണ്ട്.
ബിഹാറിൽ ഷാരുഖിന്‍റെ ദേശീയ അവാർഡ് വിവാദം
ബോളിവുഡ് താരം ഷാരൂഖ് ഖാന് ദേശീയ അവാർഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളുയർത്തി കോൺഗ്രസ് രംഗത്തെത്തി. ബീഹാർ തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടിയുള്ള നീക്കമാണ് അവാർഡ് നൽകിയതിന് പിന്നിലെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. മഹാരാഷ്ട്രയിലെ കോൺഗ്രസ് എം എൽ എ സി ഭായ് ജഗ്‌താപ് ആണ് ആരോപണം ഉന്നയിച്ചത്. അവാർഡിൽ മോദി കൃത്രിമത്വം കാണിക്കുകയാണെന്നും ഇത്രയും കാലത്തിനിടയിൽ ഷാരൂഖാനെ ആദരിച്ചില്ലെന്നും കോൺഗ്രസ് പറയുന്നു. ബീഹാർ, മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പുകളാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്നും ജഗ്‌താപ് പറഞ്ഞു. അതേസമയം കോൺഗ്രസ് സർക്കാരുകൾ ഷാരൂഖിന്‍റെ കഴിവുകളെ അവഗണിച്ചുവെന്നും ബി ജെ പി സർക്കാരാണ് ഷാരൂഖിന്‍റെ കഴിവുകളെ തിരിച്ചറിഞ്ഞ് ആദരിച്ചതെന്നുമാണ് ബി ജെ പിയുടെ തിരിച്ചടി. ജവാന്‍ സിനിമയിലെ അഭിനയത്തിനാണ് ഷാരൂഖ് ഖാന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്.
സ്ഥാനാർഥികളുടെ കളർ ചിത്രമടക്കം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ വമ്പൻ മാറ്റം
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ ഇനി സ്ഥാനാർഥികളുടെ കളര്‍ ചിത്രമടക്കം ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. സ്ഥാാർത്ഥികളുടെ പേര്, സീരിയൽ നമ്പർ എന്നിവ കുറച്ചു കൂടി വ്യക്തമായി അച്ചടിക്കാനും ഇതിന് തെളിച്ചം കൂടിയ പേപ്പർ ഉപയോഗിക്കാനും കമ്മീഷൻ നിർദ്ദേശം നൽകി. ഇ വി എം ബാലറ്റ് പേപ്പറുകൾ കൂടുതൽ വായനാക്ഷമമാക്കാനുള്ള മാർഗനിർദേശങ്ങൾ പരിഷ്കരിച്ചാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇ വി എമ്മുകളിൽ സ്ഥാനാർത്ഥികളുടെ കളർ ചിത്രം ഉൾപ്പെടുത്തുന്നതിനടക്കം തീരുമാനിച്ചത്. ബിഹാർ തെരഞ്ഞെടുപ്പ് മുതല്‍ പുതിയ രീതി നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എല്ലാ സ്ഥാനാർത്ഥികളുടെയും പേര് ഒരേ ഫോണ്ടിലാവണം എന്നും നിർദ്ദേശമുണ്ട്.


