ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

മുംബൈ: വമ്പന്‍ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്രയില്‍ ബിജെപി പ്രകടന പത്രിക. അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും ഒരു ട്രില്ല്യണ്‍ കോടി ഡോളര്‍(10 ലക്ഷം കോടി) സാമ്പത്തിക ശക്തിയായി രാജ്യത്തെ ഉയര്‍ത്തുമെന്നുമാണ് ബിജെപി വാഗ്ദാനം. 2022ഓടെ രാജ്യത്തെ എല്ലാവര്‍ക്കും വീട് നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

വി ഡി സവര്‍ക്കര്‍, ജ്യോതിഭായ് ഫൂലെ, സാവിത്രി ഫൂലെ എന്നിവര്‍ക്ക് ഭാരതരത്ന നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും പ്രകടന പത്രികയില്‍ വ്യക്തമാക്കി. ദേശീയ, സംസ്ഥാന പാതകള്‍ക്ക് വെവ്വേറ അറ്റകുറ്റപ്പണി വകുപ്പ് രൂപീകരിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ഒക്ടോബര്‍ 24നാണ് മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.