തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷൻ റെഡ്ഡി, തെലങ്കാന മന്ത്രി തലസാനി ശ്രീനിവാസ് യാദവ് എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. 

ഹൈദരാബാദ്: തെലങ്കാന തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു വിമാനത്താവളത്തിൽ സ്വീകരിച്ചില്ല. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് കെസിആര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിക്കാതിരിക്കുന്നത്. സമത്വ പ്രതിമ രാഷ്ട്രത്തിന് സമർപ്പിക്കുന്നതിനും ഐസിആർഐഎസ്എടിയുടെ 50-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമിടുന്നതിനുമാണ് പ്രധാനമന്ത്രി ഹൈദരാബാദില്‍ എത്തിയത്.

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷൻ റെഡ്ഡി, തെലങ്കാന മന്ത്രി തലസാനി ശ്രീനിവാസ് യാദവ് എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. 11–ാം നൂറ്റാണ്ടിലെ ഭക്ത സന്യാസിയും സാമൂഹിക പരിഷ്കർത്താവുമായ ശ്രീ രാമാനുജാചാര്യയുടെയാണ് ഹൈദരാബാദിലെ 216 അടി ഉയരമുള്ള സമത്വ പ്രതിമ.

ദിവസങ്ങള്‍ക്ക് മുന്‍പാണ് തെരഞ്ഞെടുപ്പിന് വേണ്ടി വേഷം ധരിക്കുകയാണ് പ്രധാനമന്ത്രിയെന്ന് തെലങ്കാന മുഖ്യമന്ത്രി കെസിആര്‍ പരിഹസിച്ചത്. ഇത്തരം വേഷങ്ങളില്‍ കാര്യമില്ലെന്നും കെസിആര്‍ പരിഹസിച്ചിരുന്നു. അതേ സമയം തുടര്‍ച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനതാവളത്തില്‍ ഏത്തതിരുന്ന തെലങ്കാന മുഖ്യമന്ത്രിയുടെ നിലപാടിനെ തെലങ്കാന ബിജെപി ശക്തമായി അപലപിച്ചു. അപമാനകരമായ, തീര്‍ത്തും മണ്ടത്തരമായ കാര്യമാണ് മുഖ്യമന്ത്രി കാണിച്ചതെന്ന് സംസ്ഥാന ബിജെപി സംഭവത്തെ വിശേഷിപ്പിച്ചു. ഒപ്പം തന്നെ തുടര്‍ച്ചയായി ഭരണഘടനയെ മുഖ്യമന്ത്രി അപമാനിക്കുന്നുവെന്നും ബിജെപി ആരോപിച്ചു.

അതേ സമയം മുഖ്യമന്ത്രി കെസിആര്‍ പനിമൂലം ആനരോഗ്യത്തിലായതിനാലാണ് എത്താതിരുന്നത് എന്നാണ് പിടിഐ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐസിആർഐഎസ്എടിയുടെ 50-ാം വാർഷികാഘോഷ പരിപാടിയിലും മുഖ്യമന്ത്രി പങ്കെടുക്കില്ലെന്നാണ് ഇദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയില്‍ നിന്നും ലഭിക്കുന്ന വാര്‍ത്ത. 

കഴിഞ്ഞ ജനുവരിയില്‍ ഇത്തരത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സ്വീകരിക്കാന്‍ എത്തിയിരുന്നില്ല.