ജമ്മു കശ്മീരിലെ നാഗ്രോട്ട മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ ദേവയാനി റാണ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. അന്തരിച്ച എംഎൽഎ ദേവേന്ദർ സിങ് റാണയുടെ മകളായ ദേവയാനി റാണയാണ് മണ്ഡലം നിലനിർത്തിയത്

ശ്രീനഗർ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ബിജെപിക്ക് ജമ്മു കശ്മീരിലും നേട്ടം. ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിനെ ബഹുദൂരം പിന്നിലാക്കി ബിജെപി സ്ഥാനാർത്ഥി ദേവയാനി റാണ നാഗ്രോട്ട മണ്ഡലത്തിൽ വിജയിച്ചു. ജമ്മു കശ്മീർ നാഷണൽ പാന്തേർസ് പാർട്ടി സ്ഥാനാർത്ഥി ഹർസ് ദേവ് സിങാണ് രണ്ടാമത്. ഇതോടെ മണ്ഡലം ബിജെപി നിലനിർത്തി.

2024 ൽ ബിജെപി എംഎൽഎയായിരുന്ന ദേവേന്ദർ സിങ് റാണയുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. 24600 വോട്ട് ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ 30കാരിയായ ദേവയാനി റാണ വിജയിച്ചത്. കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ഇക്കണോമിക്‌സ് ബിരുദം നേടിയ ദേവയാനി അന്തരിച്ച ദേവേന്ദർ സിങ് റാണയുടെ മകളാണ്.

സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ നാഷണൽ കോൺഫറൻസിന് വൻ തിരിച്ചടിയാണ് നേരിട്ടത്. മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബുദ്‌ദാം മണ്ഡലത്തിൽ മെഹബൂബ മുഫ്‌തിയുടെ പിഡിപിയോട് നാഷണൽ കോൺഫറൻസ് സ്ഥാനാർത്ഥി പരാജയപ്പെട്ടു. ഒമർ അബ്ദുള്ളയും ശ്രീനഗർ എംപി ആഗ റുഹുള്ളയും തമ്മിലുള്ള തർക്കം തെരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു. ആഗ റുഹുള്ള ഉപതെരഞ്ഞെടുപ്പിൽ ബുദ്‌ഗാം മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയിരുന്നില്ല.