ദില്ലി: നിര്‍ഭയ കേസിലെ പ്രതികൾക്ക് പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിജെപി. ഇരയ്ക്ക് നീതി ലഭിച്ചിട്ടുണ്ടെന്നും വിധി സ്ത്രീകളെ ശാക്തീകരിക്കുമെന്നും ജുഡീഷ്യറിയിൽ ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

"നിർഭയയ്ക്ക് നീതി കൈമാറിയ വിധി. നാല് കുറ്റവാളികളെ വധിക്കാനുള്ള ദില്ലി കോടതിയുടെ വിധി സ്ത്രീകളെ ശാക്തീകരിക്കുകയും ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യും" പ്രകാശ് ജാവദേക്കർ ട്വീറ്റ് ചെയ്തു.

കോടതി വിധിയെ സ്വ​ഗതം ചെയ്തുകൊണ്ട് ബിജെപി എംപി ​ഗൗതം ​ഗംഭീറും രം​ഗത്തെത്തി. "ഒടുവിൽ! ഇന്ത്യയുടെ മകൾക്ക് നീതി ലഭിക്കുന്നു!"എന്നായിരുന്നു ​ഗംഭീർ ട്വീറ്റ് ചെയ്തത്.

നിർഭയ കേസിലെ പ്രതികളായ അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവരെ ഈ മാസം 22നാണ് തൂക്കിലേറ്റുക. നിര്‍ഭയയുടെ അമ്മ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിധി. വിധിയില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. പ്രതികളെ തൂക്കിലേറ്റാനുള്ള തീരുമാനം രാജ്യത്തെ സ്ത്രീകള്‍ക്ക് ശക്തി പകരുന്നതാണെന്നും നിയമവ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതാണിതെന്നും അവര്‍ പറഞ്ഞിരുന്നു. 

Read Also: നിര്‍ഭയ കേസില്‍ വധശിക്ഷ ഈ മാസം 22ന്

ഏഴുവര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് വിധി നടപ്പാക്കുന്നത്. 2012 ഡിസംബര്‍ 16നാണ് നിര്‍ഭയ കേസിനാസ്പദമായ കൃത്യം നടന്നത്. രാത്രിയില്‍ ദില്ലിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം ബലാത്സംഗം ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തിനെ സംഘം ആക്രമിച്ചു. മൃതപ്രായയായ വിദ്യാര്‍ത്ഥിനിയെയും സുഹൃത്തിനെയും തുടര്‍ന്ന് വഴിയിലുപേക്ഷിച്ചു. ഡിസംബര്‍ 29ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.