വയനാട്ടിലെ മണ്ണിടിച്ചിലിൽ ദുരിതമനുഭവിക്കുന്നവർക്ക് കർണാടക സർക്കാർ 100 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു.
ബെംഗളൂരു: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ 100 വീടുകളുടെ നിർമാണത്തിനായി കർണാടക സർക്കാർ വാഗ്ദാനം ചെയ്ത 10 കോടി രൂപ അനുവദിച്ച് സർക്കാർ. നിയമസഭയിൽ അവതരിപ്പിച്ച സപ്ലിമെന്ററി എസ്റ്റിമേറ്റിലാണ് വയനാട് ദുരിതാശ്വാസത്തിനായി കർണാടക സർക്കാർ 10 കോടി രൂപ ഉൾപ്പെടുത്തിയത്. ബജറ്റ് വ്യവസ്ഥകൾക്ക് പുറമേ സർക്കാർ നടത്തുന്ന അധിക ചെലവുകളാണ് സപ്ലിമെന്ററി എസ്റ്റിമേറ്റുകൾ. സർക്കാർ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തി. കന്നഡക്കാരുടെ നികുതി പണത്തിൽ നിന്ന് 10 കോടി രൂപ പാഴാക്കുന്നുവെന്ന് ബിജെപി ആരോപിച്ചു. വയനാട്ടിലെ മണ്ണിടിച്ചിലിൽ ദുരിതമനുഭവിക്കുന്നവർക്ക് കർണാടക സർക്കാർ 100 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു.
എന്റെ നികുതി, എന്റെ അവകാശം എന്ന് വിളിച്ചുപറഞ്ഞ് ദില്ലിയിൽ സമരം നടത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായതിന്റെ പേരിൽ കന്നഡിഗരുടെ നികുതിപ്പണത്തിൽ നിന്ന് 10 കോടി രൂപ കേരളത്തിലെ വയനാടിലേക്ക് തിരിച്ചുവിടുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര ഒരു ട്വീറ്റിൽ പറഞ്ഞു. നമ്മുടെ കർഷകർ വിളനാശത്തിൽ വലയുമ്പോൾ, എംഎൽഎമാർക്ക് തറക്കല്ലിടാൻ പോലും അടിസ്ഥാന ഗ്രാന്റുകൾ ലഭിക്കാതെ വരുമ്പോൾ, സ്കൂളുകളിലും കോളേജുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തപ്പോഴാണ് നിങ്ങളുടെ ഹൈക്കമാൻഡിനെ പ്രീതിപ്പെടുത്താൻ കോടിക്കണക്കിന് ഉദാരമായി സംഭാവന നൽകുന്നതെന്ന് വിജയേന്ദ്ര ആരോപിച്ചു.
ഉത്തരാഖണ്ഡിലെ പ്രകൃതിദുരന്തങ്ങളിൽ കുടുങ്ങിപ്പോയ സംസ്ഥാനത്തെ ആളുകളെ രക്ഷപ്പെടുത്തുന്നതിനായി കർണാടക 56.64 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിൽ 3,352.57 കോടി രൂപയുടെ അധിക ചെലവ് ഉൾക്കൊള്ളുന്ന അനുബന്ധ എസ്റ്റിമേറ്റുകളുടെ ആദ്യ ഗഡു ബുധനാഴ്ചയാണ് നിയമസഭയിൽ അവതരിപ്പിച്ചത്.
