Asianet News MalayalamAsianet News Malayalam

ദില്ലി മുൻസിപ്പൽ കോര്‍പ്പറേഷനില്‍ ആപിന് ഭൂരിപക്ഷം; പക്ഷെ മേയര്‍ സ്ഥാനം ബിജെപി കൊണ്ടുപോകുമോ?

മേയറുടെ കാലാവധി ഒരു വർഷം നീണ്ടുനിൽക്കുമ്പോൾ. ഭരിക്കുന്ന പാർട്ടി ആദ്യ വർഷം മേയർ സ്ഥാനത്തേക്ക് ഒരു സ്ത്രീയെയും മൂന്നാം വർഷത്തേക്ക് അതിന്‍റെ കൗൺസിലർമാരിൽ നിന്ന് ഒരു പട്ടികജാതി അംഗത്തെയും തിരഞ്ഞെടുക്കണമെന്ന് നിയമം അനുശാസിക്കുന്നു.

BJP still wrest mayors seat after losing MCD polls
Author
First Published Dec 8, 2022, 11:51 AM IST

ദില്ലി: ദില്ലി മുൻസിപ്പൽ കോർപ്പറേഷന്‍റെ കൂടി അധികാരം നേടി രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ അപ്രമാദിത്വം നിലനിറുത്തുകയാണ് ആം ആദ്മി പാർട്ടി. ആകെയുള്ള 250 സീറ്റുകളില്‍ 132 സീറ്റുകളിലും വിജയിച്ച് ആം ആദ്മി പാർട്ടി കേവലഭൂരിപക്ഷം നേടി. രണ്ട് സീറ്റിൽ കൂടി ആം ആദ്മി ലീഡ് ചെയ്യുന്നുണ്ട്. 15 വർഷം ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ ഭരിച്ച ബിജെപിയെ തകർത്താണ് ആം ആദ്മിയുടെ ചരിത്ര വിജയം. 

കേന്ദ്ര സർക്കാരിന്‍റെ നീക്കങ്ങളെ ശക്തമായി ചെറുത്താണ് അരവിന്ദ് കെജ്രിവാളിന്‍റെ ഈ വിജയം. ബിജെപി 104 സീറ്റിലും വിജയിച്ചു. അതേസമയം, ഒമ്പത് സീറ്റിലേയ്ക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് നിലം പരിശായി. 

ആംആദ്മി പാർട്ടി രൂപീകരിച്ച് രണ്ടാം കൊല്ലമാണ് ദില്ലി നിയമസഭയുടെ അധികാരം അരവിന്ദ് കെജ്രിവാൾ നേടിയത്. പത്ത് കൊല്ലത്തിന് ശേഷം എംസിഡി കൂടി നേടി രാജ്യ തലസ്ഥാനത്തെ രാഷ്ട്രീയ അധികാരം ഏതാണ്ട് കൈക്കലാക്കുകയാണ് എഎപി. എന്നാല്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി എന്തെങ്കിലും ഇടപെടല്‍ നടത്തുമോ, അല്ലെങ്കില്‍ മേയര്‍സ്ഥാനം ബിജെപി പിടിക്കുമോ എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയരുന്ന ചോദ്യം. 

ചട്ടങ്ങൾ അനുസരിച്ച് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ ഭൂരിപക്ഷമുള്ള പാർട്ടി, ഇവിടെ ആംആദ്മി പാര്‍ട്ടി അതിന്‍റെ സ്ഥാനാർത്ഥിയെ മേയറായി നാമനിർദ്ദേശം ചെയ്യുന്നു. എന്നാൽ വിജയിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയെ എതിർക്കാൻ പ്രതിപക്ഷം ഒരു സ്ഥാനാർത്ഥിയെ നിർത്തിയാൽ ഒരു തിരഞ്ഞെടുപ്പ് നടക്കും. മുൻകാലങ്ങളിൽ ഓരോ കോർപ്പറേഷനും മേയർമാരുണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി ദില്ലിക്ക് ഇനി ഒരൊറ്റ മേയറെ ലഭിക്കും. 2007 മുതൽ ദില്ലി മുനിസിപ്പൽ കോർപ്പറേഷനിൽ (എംസിഡി) ബിജെപി ഭരിച്ച് വരുകയായിരുന്നു. 

എംസിഡി വോട്ടെടുപ്പ് ഫലം പുറത്തുവന്ന് മണിക്കൂറുകൾക്ക് ശേഷം ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. “ഇനി ദില്ലി ഒരു മേയറെ തിരഞ്ഞെടുക്കും… ഇതെല്ലാം ആർക്കൊക്കെ സംഖ്യ പിടിക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും. നാമനിർദ്ദേശം ചെയ്യപ്പെട്ട കൗൺസിലർമാർ ഏത് രീതിയിൽ വോട്ടുചെയ്യുന്നു എന്നത് അനുസരിച്ചായിരിക്കും കടുത്ത മത്സരം. ഉദാഹരണത്തിന് ചണ്ഡീഗഢിൽ ഒരു ബിജെപി മേയർ ഉണ്ട്". അതായത് ആപ് വിജയം നേടിയാലും മേയര്‍ സ്ഥാനം പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കും എന്ന സൂചനയാണ് ഇത് നല്‍കുന്നത്. 

ഈ ട്വീറ്റില്‍ പറയുന്ന ചണ്ഡീഗഢ് സംഭവം പരിശോധിച്ചാല്‍. ചണ്ഡീഗഢിൽ ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പില്‍ 35 വാർഡുകളിൽ 12 എണ്ണത്തിലാണ് ബിജെപി വിജയിച്ചെങ്കിലും,  മേയറായത് ബിജെപി സ്ഥാനാര്‍ത്ഥിയാണ്. 14 സ്ഥാനാർത്ഥികൾ വിജയിച്ചിട്ടും, ആംആദ്മിക്ക് അതിന്റെ മേയറെ സ്ഥനത്ത് ഇരുത്താന്‍ സാധിച്ചില്ല.

അതേസമയം, ആംആദ്മിയിലെ  വിജയിച്ച സ്ഥാനാർത്ഥികളെ ബിജെപി സമീപിക്കാന്‍ ശ്രമം തുടങ്ങിയെന്ന് മുതിർന്ന എഎപി നേതാവ് മനീഷ് സിസോദിയ ആരോപിച്ചു.   1957-ലെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ആക്‌ട് പ്രകാരം 1958 ലാണ് എംസിഡി സ്ഥാപിതമായത്. 

ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ നിയമമനുസരിച്ച്. ഓരോ അഞ്ച് വർഷത്തിലും എംസിഡി തിരഞ്ഞെടുപ്പ് നടത്തണം. എല്ലാ സാമ്പത്തിക വർഷവും ആ വർഷത്തെ ആദ്യ മീറ്റിംഗിൽ ഒരു മേയറെ തിരഞ്ഞെടുക്കണമെന്ന് നിയമത്തിന്റെ 35-ാം വകുപ്പ് അനുശാസിക്കുന്നു.

മേയറുടെ കാലാവധി ഒരു വർഷം നീണ്ടുനിൽക്കുമ്പോൾ. ഭരിക്കുന്ന പാർട്ടി ആദ്യ വർഷം മേയർ സ്ഥാനത്തേക്ക് ഒരു സ്ത്രീയെയും മൂന്നാം വർഷത്തേക്ക് അതിന്‍റെ കൗൺസിലർമാരിൽ നിന്ന് ഒരു പട്ടികജാതി അംഗത്തെയും തിരഞ്ഞെടുക്കണമെന്ന് നിയമം അനുശാസിക്കുന്നു.

ഈ വർഷം  എംസിഡി തിരഞ്ഞെടുപ്പ് ഏപ്രിലിന് പകരം ഡിസംബറിലാണ് നടന്നത്. അതായത് ആദ്യം തെരഞ്ഞെടുക്കുന്ന മേയറുടെ കാലാവധിയുടെ നാല് മാസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് പുറമെ ദില്ലിയില്‍ നിന്നുള്ള 10 ലോക്‌സഭാ, രാജ്യസഭാ എംപിമാരും 14 എംഎൽഎമാരും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹരാണ്.

എംഎൽഎമാരിൽ നിന്ന് ആരെ വോട്ട് ചെയ്യാൻ തെരഞ്ഞെടുക്കണമെന്നത് നിയമസഭാ സ്പീക്കറുടെ വിവേചനാധികാരമാണ്. എന്നാല്‍ അഞ്ച് വർഷത്തിനുള്ളിൽ എല്ലാ എംഎൽഎമാർക്കും വോട്ടുചെയ്യാനുള്ള അവസരം ലഭിക്കുമെന്ന് സ്പീക്കർ ഉറപ്പാക്കണം.  നിയമസഭയില്‍ ആംആദ്മിക്ക് വലിയ ഭൂരിപക്ഷം ഉള്ളതിനാല്‍ മേയർ തിരഞ്ഞെടുപ്പിന്റെ ആദ്യ വർഷത്തിൽ ഏത് പാർട്ടിയിലെ എംഎല്‍എമാരെ ക്ഷണിക്കുമെന്ന് ഊഹിക്കാം.

ഏഴ് ലോക്‌സഭാ എംപിമാരും ബിജെപിയിൽ നിന്നുള്ളവരാണെങ്കിൽ എഎപിക്ക് മൂന്ന് രാജ്യസഭാ എംപിമാരാണുള്ളത്. 7 എംപിമാരോടെ കൌണ്‍സിലുമാരും ചേര്‍ന്നാല്‍ മേയർ തിരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകളുടെ എണ്ണം 111 ആയി ഉയരും. എഎപിയുടെ അംഗബലം 134 കൗൺസിലർമാരും 3 രാജ്യസഭ എംപിമാരും 14 എംഎൽഎമാരും ഉൾപ്പെടെ 151 ആയി ഉയരും. ദില്ലി എംഎൽഎമാർക്കും എംപിമാർക്കും ഒപ്പം കൗൺസിലർമാരും അടക്കം മേയർ തിരഞ്ഞെടുപ്പിൽ 274 അംഗ ഇലക്ടറൽ കോളജിൽ ഉൾപ്പെടുന്നു.

മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കൂറുമാറ്റ നിരോധന നിയമം ബാധകമല്ലാത്തതിനാൽ ആംആദ്മിയില്‍ നിന്നും വോട്ട് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ബിജെപി ഇപ്പോഴും പ്രതീക്ഷിക്കുന്നു. ബി.ജെ.പിയും കോൺഗ്രസും ആംആദ്മി സ്ഥാനാർഥിയെ എതിർത്ത് സ്വന്തം സ്ഥാനാർഥികളെ നിർത്തിയാൽ തെരഞ്ഞെടുപ്പ് നടക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർത്ഥി മേയറാകും.

മത്സരാർത്ഥികൾ തമ്മിൽ സമനിലയുണ്ടെങ്കിൽ. തിരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കാൻ നിയോഗിക്കപ്പെട്ട സ്പെഷ്യൽ കമ്മീഷണർ പ്രത്യേക നറുക്കെടുപ്പിലൂടെ മേയറെ തെരഞ്ഞെടുക്കും. കൂറുമാറ്റ നിരോധന നിയമം മേയർ തിരഞ്ഞെടുപ്പിന് ബാധകമല്ലാത്തതിനാൽ, ക്രോസ് വോട്ടിംഗിന്റെ സാധ്യത തള്ളിക്കളയാനാവില്ല.

സ്വതന്ത്രരെ ഒപ്പം നിര്‍ത്താന്‍ ബിജെപി; ഹിമാചലിൽ സര്‍ക്കാരുണ്ടാക്കാന്‍ നീക്കം, ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു

ഹിമാചലില്‍ സിപിഎമ്മിന് തിരിച്ചടി; സിറ്റിങ് മണ്ഡലത്തില്‍ പിന്നില്‍

Follow Us:
Download App:
  • android
  • ios