2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടി കോണ്‍ഗ്രസാണ് അധികാരത്തിലെത്തിയത്. 10 വര്‍ഷത്തെ അകാലിദള്‍-ബിജെപി ഭരണത്തിന് ശേഷമാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 

ദില്ലി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍(Punjab Election) 117 സീറ്റിലും മത്സരിക്കുമെന്ന് ബിജെപി(BJP). ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ അശ്വനി ശര്‍മയാണ് (Ashwani Sharma) ഇക്കാര്യം വ്യക്തമാക്കിയത്. 2022ലാണ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടി കോണ്‍ഗ്രസാണ് അധികാരത്തിലെത്തിയത്.

10 വര്‍ഷത്തെ അകാലിദള്‍-ബിജെപി ഭരണത്തിന് ശേഷമാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 20 സീറ്റുനേടിയ ആം ആദ്മി പാര്‍ട്ടിയാണ് നിലവില്‍ പഞ്ചാബ് നിയമസഭയിലെ രണ്ടാമത്തെ വലിയ ഒറ്റകക്ഷി. ശിരോമണി അകാലിദളിന് 15 സീറ്റ് മാത്രമാണ് നേടാനായത്. കാര്‍ഷിക നിയമങ്ങള്‍ കാരണം ഇക്കുറി അകാലിദള്‍ ബിജെപി സഖ്യത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങളിലും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പുതിയ പാര്‍ട്ടിയുമാണ് ബിജെപി പ്രതീക്ഷ.

അമരീന്ദറിന്റെ പാര്‍ട്ടി ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ ഏറ്റവുമധികം പ്രശ്‌നങ്ങളുണ്ടാക്കിയ പഞ്ചാബില്‍ ബിജെപിയുടെ പ്രകടനം നിര്‍ണായകമാണ്. അതിനിടെ പഞ്ചാബില്‍ പെട്രോള്‍-ഡീസല്‍ സംസ്ഥാന നികുതി സര്‍ക്കാര്‍ കുറച്ചു. ഇന്ധന നികുതി കുറക്കുന്ന ആദ്യ കോണ്‍ഗ്രസ് സംസ്ഥാനമാണ് പഞ്ചാബ്.