ബെംഗളൂരു: സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ ബിജെപി തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ്. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, സഹോദരന്‍ ഡി കെ സുരേഷ് എന്നിവരുടെ വിവിധ കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഡി കെ ശിവകുമാറുമായി ബന്ധപ്പെട്ട 14 ഇടങ്ങളിലാണ് സിബിഐ തിങ്കളാഴ്ച റെയ്ഡ് നടത്തിയത്. വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും അടക്കം ബെംഗളൂരു, രാമനഗര്‍, കനകപുര, ദില്ലി, മുംബൈ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. 

സിബിഐ ആക്രമണം ബിജെപിയുടെ സ്ഥിരം തെരഞ്ഞെടുപ്പ് പ്രക്രിയയാണ്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍വി ഉറപ്പിച്ചു. അതുകൊണ്ടാണ് സിബിഐ റെയ്ഡ്. സിബിഐ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും കര്‍ണാടക കോണ്‍ഗ്രസ് വ്യക്തമാക്കി. മോദിയുടെയും യെദിയൂരപ്പയുടെയും കളിപ്പാവയായി സിബിഐ മാറിയെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപി സിംഗ് സുര്‍ജെവാലയും ആരോപിച്ചു. മോദിയും യെദിയൂരപ്പയും അവരുടെ കുടിലത സിബിഐയിലൂടെ നടപ്പാക്കുന്നതാണ് ശിവകുമാറിനെതിരെയുള്ള റെയ്ഡ്. യെദിയൂരപ്പ സര്‍ക്കാറിന്റെ അഴിമതിയാണ് സിബിഐ പുറത്തുകൊണ്ടുവരേണ്ടത്. പക്ഷേ റെയ്ഡ് രാജ് അവരുടെ കുടില തന്ത്രമാണ്- സുര്‍ജെവാല ട്വീറ്റ് ചെയ്തു.

മോദിയുടെയും യെദിയൂരപ്പയുടെയും കുടില നീക്കങ്ങള്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സിബിഐ റെയ്ഡിനെതിരെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയയും രംഗത്തെത്തി. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഒരുക്കത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് സിബിഐ റെയ്ഡിലൂടെ ബിജെപി നടത്തുന്നതെന്നും മോശപ്പെട്ട രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നതെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. സിബിഐ റെയ്ഡില്‍ പ്രതിഷേധിച്ച് ബെംഗളൂരുവില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.