ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പിലെ നിർണ്ണായക വോട്ടു ബാങ്കാണ് അനധികൃത കോളനികളിലെ താമസക്കാർ. ഇവർക്ക് പാർപ്പിടവകാശം നൽകുന്ന നിയമം കൊണ്ടുവന്നത് ആരെന്ന മത്സരത്തിലാണ് ആം ആദ്മി പാർട്ടിയും. പൈപ്പ് പൊട്ടി അഴുക്കുചാലിലെ ജലം ഒഴുകുന്ന തരത്തിലുള്ള പൊട്ടിപ്പൊളിഞ്ഞ റോഡ് കടന്ന് വേണം സൗത്ത് ദില്ലിയിലെ സംഗം വിഹാർ കോളനിയിലെത്താൻ.

ഇതുപോലെയുള്ള 1731 അനധികൃത കോളനികളിലായി താമസിക്കുന്നത് നാൽപത് ലക്ഷം പേരാണ്. ഭൂരിപക്ഷവും പൂർവാഞ്ചാലുകാരായ തൊഴിലാളികളും കുടിയേറ്റക്കാരും. പാർപ്പിടാവകാശം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ നിയമത്തെ കുറിച്ച് ചോദിച്ചപ്പോൾ പലരും കൈമലർത്തി.

രജിസട്രേഷൻ പോലും നടന്നിട്ടില്ലെന്നാണ് പ്രതികരണം. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലാണ് അനധികൃത കോളനികളിലെ താമസക്കാർക്ക് പാർപ്പിടാവകാശം നൽകുന്ന നിയമം പാസായത്. നിയമം കൊണ്ടുവന്നത് കേന്ദ്ര സർക്കാരെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രചാരണം.

എന്നാൽ പദ്ധതി പാസാക്കുക മാത്രമാണ് കേന്ദ്രം ചെയ്തതെന്ന് ആം ആദ്മി പാർട്ടിയും പ്രചാരണത്തിലുടനീളം പറയുന്നു. ഭൂമിയിലും കെട്ടിടത്തിലുമുള്ള അവകാശം നല്‍കാമെന്ന വാഗ്ദാനം തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പാർട്ടികൾ മറക്കുമെന്ന ആശങ്കയാണ് കോളനിയിലുള്ളവർ പങ്കുവയ്ക്കുന്നത്.